തിരുവമ്പാടി പഞ്ചായത്തിലെ കോവിഡ് രോഗ നിയന്ത്രണത്തെകുറിച്ച് ചർച്ച ചെയ്യുന്നതിനായി സർവകക്ഷി യോഗം ചേർന്നു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിൽ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ നിയന്ത്രണത്തെകുറിച്ച് ചർച്ച ചെയ്യുന്നതിനായി പുന്നക്കൽ ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസിൽ ഇന്ന് സർവകക്ഷി യോഗം ചേർന്നു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർമാർ, ആർ ആർ ടി മെമ്പർമാർ, ആരോഗ്യപ്രവർത്തകർ, മറ്റു സംഘടനാ ഭാരവാഹികൾ എന്നിവർ ഉൾക്കൊള്ളുന്ന നിരീക്ഷക സംഘം രൂപീകരിച്ചു.
കോവിഡ് പോസിറ്റീവ് ആയ ആളുകൾ 10 ദിവസങ്ങൾക്ക് ശേഷം മാത്രം റിപ്പീറ്റ് ടെസ്റ്റ് ചെയ്യുക, രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകൾ 7 ദിവസങ്ങൾക്കുശേഷം ടെസ്റ്റ് ചെയ്യുക, ക്വാറന്റൈൻ പൂർണ്ണമായും പാലിക്കുക, ആൾക്കൂട്ട സാധ്യത ഒഴിവാക്കുക, അനാവശ്യമായി പുറത്തിറങ്ങി നടക്കാതിരിക്കുക, ശരിയായ രീതിയിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധമാർഗങ്ങൾ എല്ലാവരും സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. നിയമ ലംഘനം നടത്തുന്നവരുടെ പേരിൽ ആരോഗ്യ വകുപ്പും പോലീസും വരും ദിവസങ്ങളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നതാണ്. തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി അബ്ദുറഹ്മാൻ ചർച്ചയ്ക്ക് നേതൃത്വം നൽകി.







