റേഷൻവിതരണം സുഗമമാക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം

കോഴിക്കോട്: ജില്ലയിലെ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ റേഷൻ ഭക്ഷ്യധാന്യ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് നിർദേശം നൽകി ഹൈക്കോടതി ഉത്തരവ്. ഭക്ഷ്യധാന്യങ്ങൾ കരാറുകാരന്റെ സ്വന്തം വാഹനങ്ങളിൽ കൊണ്ടുപോകുന്നത് പ്രദേശത്തെ വാഹന ഉടമകളുടെ യൂണിയൻ ഇടപെട്ട് തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥാ ഉണ്ടായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
എൻ.എഫ്.എസ്.എ. കരാറുകാരനായ മലപ്പുറം എ.ആർ. നഗർ സ്വദേശി കെ.പി. ഷമീമാണ് കോടതിയെ സമീപിച്ചത്. സിറ്റിപോലീസ് ചീഫ്, ബേപ്പൂർ, വെള്ളയിൽ, അത്തോളി, കൊടുവള്ളി പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ എന്നിവർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ഇത്തരത്തിൽ പ്രശ്നമുണ്ടായതിനെത്തുടർന്ന് പാലക്കാട്ടും കഴിഞ്ഞമാസം ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
സപ്ലൈകോയുമായി ഒപ്പുവെച്ച കരാർപ്രകാരം കരാറുകാരന്റെ ഉത്തരവാദിത്വത്തിലുള്ള വാഹനങ്ങളിൽ ഭക്ഷ്യധാന്യ വിതരണം നടത്തണമെന്നാണ് വ്യവസ്ഥ. ടെൻഡർ വ്യവസ്ഥയിൽ സ്വന്തംപേരിൽ നാലുവണ്ടിയും ആവശ്യാനുസരണം വണ്ടി വാടകയ്ക്കെടുക്കാനും കഴിയണം.
ഇതിനെതിരേ തൊഴിൽപ്രശ്നങ്ങൾ ഉയർത്തി യൂണിയൻ അംഗങ്ങൾ രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.







