കൗണ്ടറുകൾ മൂന്നുമാത്രം, ട്രെയിൻടിക്കറ്റ് ബുക്കുചെയ്യൽ യാത്രക്കാർക്ക് ദുരിതമാവുന്നു

കോഴിക്കോട്:ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ ഏഴിൽനിന്ന് മൂന്നായി ചുരുങ്ങി. ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പുവരെ മാത്രമേ ബുക്കുചെയ്യാനാവൂ. അതിനുശേഷം ടിക്കറ്റ് സംവിധാനം ഓട്ടോമാറ്റിക്കായി നിലയ്ക്കും. ടി.ടി.ഇ.യുടെ പക്കൽ പണംനൽകി യാത്രചെയ്യാനാവില്ല. റിസർവ് ചെയ്യാതെ ഇപ്പോൾ യാത്ര സാധ്യവുമല്ല. കോഴിക്കോട് ഉൾപ്പെടെ പാലക്കാട് ഡിവിഷനിലെ പല വലിയ സ്റ്റേഷനുകളിലും ട്രെയിൻടിക്കറ്റ് ബുക്കുചെയ്യൽ യാത്രക്കാർക്ക് ദുരിതമാവുന്നു.
മംഗളയും മലബാർ മെയിലുംപോലെ ഒരേസമയം ഒന്നിലേറെ ട്രെയിനുകൾ സ്റ്റേഷനിൽ എത്തുമ്പോൾ യാത്രക്കാർക്ക് തിരക്കുകൂട്ടേണ്ടിവരുന്നു. ഇത് കോവിഡ് ഭീഷണിയുമുണ്ടാക്കുന്നു. കൗണ്ടറുകളിലെ ഉദ്യോഗസ്ഥരും യാത്രക്കാരുമായി തർക്കമുണ്ടാവുന്നു. നിശ്ചിതസമയത്തിനകം ടിക്കറ്റ് കിട്ടാത്തതാണ് യാത്രക്കാരെ വിഷമിപ്പിക്കുന്നത്.
കോഴിക്കോട്ട് നാല് കൗണ്ടറുകൾ അടഞ്ഞുകിടക്കുകയാണ്. ഇവിടെ നേരത്തേ റിസർവേഷനില്ലാത്ത ടിക്കറ്റുകൾ നൽകിയിരുന്നതാണ്.
വ്യാഴാഴ്ച മുതൽ പരശുറാം എക്സ്പ്രസും മറ്റും ഓടിത്തുടങ്ങുമ്പോൾ തിരക്ക് ഇനിയും കൂടും. റിസർവേഷനില്ലാത്ത ടിക്കറ്റുകൾ നൽകിയിരുന്ന കൗണ്ടറുകളിലൂടെ റിസർവേഷൻ ടിക്കറ്റുകൾ നൽകത്തക്ക ഐ.യു.ടി.എസ്. (ഇന്റഗ്രേറ്റഡ് അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഏർപ്പെടുത്തിയാൽ യാത്രക്കാർക്ക് പ്രയോജനകരമാവും. തിരുവനന്തപുരം ഉൾപ്പെടെ സമീപ റെയിൽവേ ഡിവിഷനുകളിലെല്ലാം ഈ സംവിധാനമുണ്ടെങ്കിലും പാലക്കാട് ഡിവിഷനിലില്ല.
കേരളത്തിലെയും തമിഴ്നാട്ടിലേയും 138 സ്റ്റേഷനുകളിൽ ഈ സംവിധാനം ഇപ്പോഴുണ്ട്
ഓൺലൈനിൽ ആറ് ടിക്കറ്റുകൾ മാത്രമേ ഒരാൾക്ക് ഒരുമാസം ബുക്ക് ചെയ്യാനാവൂ. ഐ.ആർ.സി.ടി.സി.യിൽ ആധാർ ലിങ്ക് ചെയ്തവർക്ക് 12 ടിക്കറ്റും. സാധാരണക്കാർക്ക് ഓൺലൈൻ ബുക്കിങ് എളുപ്പവുമല്ല.
ഒരേയൊരു കൗണ്ടർ മാത്രമേ 24 മണിക്കൂറും പ്രവർത്തിക്കുന്നുള്ളൂ. രണ്ടെണ്ണം പകൽ നേരത്തുമാത്രം. ട്രെയിനുകളുടെ എണ്ണം കൂട്ടുമ്പോൾ ഇത് തീർത്തും അപര്യാപ്തമാവും







