Kozhikode

കുതിപ്പ് തുടരാൻ കട്ടിപ്പാറ; കായിക മേഖലയിൽ സ്വന്തമാക്കിയത് മികച്ച നേട്ടങ്ങൾ

കോഴിക്കോട് ∙ കട്ടിപ്പാറയെന്ന മലയോരമേഖലയ്ക്ക് ഇന്ന് കേരളത്തിന്റെ കായിക ഭൂപടത്തിൽ സ്വന്തമായ മേൽവിലാസമുണ്ട്. കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസും കായികമേഖലയോടു താൽപര്യമുള്ള നാട്ടുകാരും ചേർന്നാണ് അത് എഴുതിച്ചേർത്തത്. കോവിഡിൽ മറ്റു വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോഴും കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസ് മൈതാനത്തെ പരിമിതമായ സൗകര്യങ്ങളിൽ കുട്ടികൾ പരിശീലനം തുടരുകയായിരുന്നു. അതിന്റെ ഫലമായി ഒരു ദേശീയ മെഡലാണ് കഴിഞ്ഞ ദിവസം കട്ടിപ്പാറയിലെത്തിയത്. അസമിലെ ഗുവാഹത്തിയിൽ നടന്ന ദേശീയ അ‌ത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 3000 മീറ്റർ നടത്തത്തിൽ പത്താം ക്ലാസ് വിദ്യാർഥി മിയ റോസ് വെങ്കലം നേടി.

5 വർഷം മുൻപാണ് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസ് കായികപരിശീലനത്തിന് പ്രാധാന്യം നൽകിത്തുടങ്ങിയത്. അന്നത്തെ സ്കൂൾ മാനേജർ ഫാ.റോയി കൂനാനിക്കലിന്റെയും പുതുതായി സ്കൂളിൽ ചുമതലയേറ്റെടുത്ത കായികാധ്യാപകൻ വി.ടി.മിനീഷിന്റെയും നേതൃത്വത്തിൽ പാറക്കെട്ടുകളും കല്ലുകളും നിറഞ്ഞ, രണ്ടു തട്ടുകളായി കിടന്ന മൈതാനത്തായിരുന്നു പരിശീലനം. 2017– 18 വർഷം സ്കൂ‍ൾ ആദ്യമായി താമരശ്ശേരി ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഈ വിജയം കട്ടിപ്പാറ ഗ്രാമം ഒറ്റക്കെട്ടായാണ് സ്വീകരിച്ചത്. തുടർന്ന് പഞ്ചായത്തും പിടിഎയും നാട്ടുകാരും ചേർന്നു നല്ലൊരു മൈതാനമൊരുക്കി.

പഞ്ചായത്തിലെ മികച്ച എൽപി, യുപി സ്കൂൾ കുട്ടികൾക്കും ഇവിടെ കായിക പരിശീലനം നൽകുന്നു. പഞ്ചായത്ത് ഇവർക്ക് ഷൂ, ജഴ്സി, പ്രഭാതഭക്ഷണം എന്നിവ നൽകുന്നുണ്ട്. തുടർന്ന് ജില്ലാ കായികമേളയിലും സംസ്ഥാന മേളയിലും മികച്ച പ്രകടനം നടത്തി. 2019– 20 വർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ ഏഴാം സ്ഥാനത്തുമെത്തി. 21 സ്വർണമെഡലുകളാണ് സംസ്ഥാന കായികമേളകളിൽ ചുരുങ്ങിയ കാലം കൊണ്ട് സ്കൂൾ നേടിയത്. ദേശീയ സ്കൂൾ മേളയിൽ സ്കൂളിന്റെ താരമായ കെ.ആർ.ആതിര ഒരു സ്വർണം നേടിയിട്ടുണ്ട്.

മാനേജർ ഫാ.റോയി വള്ളിയാംതടത്തിൽ, പ്രധാനാധ്യാപകൻ എം.എ.ബിനോയ്, പ്രിൻസിപ്പൽ ഹാരിസ് കുരുവിള, പിടിഎ എന്നിവരുടെ പൂർണ പിന്തുണയോടെയാണ് പരിശീലനം. മികച്ച പരിശീലന സൗകര്യങ്ങളുണ്ടെങ്കിൽ കുട്ടികൾ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാകുമെന്നു സ്കൂൾ കരുതുന്നു. ഭൂരിഭാഗവും നിർധനരായ കുട്ടികളാണ് ഇവിടെയുള്ളത്. ഇവർക്കു പോഷകാഹാരപ്രദമായ ഭക്ഷണം സ്പോൺസർ ചെയ്യാൻ ആരെങ്കിലുമൊക്കെ തയാറാണെങ്കിൽ ഹോസ്റ്റൽ സൗകര്യമൊരുക്കി മികച്ച പരിശീലനം നൽകാൻ സാധിക്കുമെന്നു പരിശീലകൻ വി.ടി.മിനീഷ് പറയുന്നു.

Related Articles

Leave a Reply

Back to top button