India

ഇന്ത്യക്കാര്‍ക്കാണ് കൂടുതൽ ജോലി ഭാരമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന; ആഗോള പട്ടികയിൽ ഇന്ത്യ അഞ്ചാമത്

ന്യൂഡൽഹി: ഏഷ്യ-പസഫിക് മേഖലയിൽ ഇന്ത്യക്കാരാണ് കൂടുതൽ ജോലി ഭാരമുള്ളവരെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ) വെളിപ്പെടുത്തൽ. ഏറ്റവും കൂടുതൽ തൊഴിൽ സമയമുള്ള ലോകരാജ്യങ്ങളിൽ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തർ എന്നിവയാണ് പട്ടികയിലുള്ള ആദ്യ രാജ്യങ്ങൾ. കോവിഡ് കാലയളവിൽ ലോകരാജ്യങ്ങളിലെ തൊഴിൽസ്ഥിതി താരതമ്യംചെയ്തു തയ്യാറാക്കിയതാണ് റിപ്പോർട്ട്.

ഗ്രാമീണ ഇന്ത്യയിൽ സ്വയം തൊഴിലുള്ള പുരുഷന്മാർ ആഴ്ചയിൽ 48 മണിക്കൂർ ജോലിയെടുക്കുന്നു. സ്ത്രീകൾ 37 മണിക്കൂറും. അതേസമയം, സ്ഥിരം വരുമാനക്കാരും ശമ്പളക്കാരുമായിട്ടുള്ള പുരുഷന്മാർക്ക് ആഴ്ചയിൽ 52 മണിക്കൂർ ജോലിയെടുക്കേണ്ടി വരുന്നു. ഈ വിഭാഗത്തിലുള്ള സ്ത്രീകൾക്ക് 44 മണിക്കൂറാണ് ജോലി. താത്‌കാലിക ജീവനക്കാരായ പുരുഷന്മാർ ആഴ്ചയിൽ 45 മണിക്കൂറും സ്ത്രീകൾ 39 മണിക്കൂറും ജോലിയെടുക്കുന്നു.

നഗരമേഖലകളിൽ സ്വയം തൊഴിലുള്ള പുരുഷന്മാർ ആഴ്ചയിൽ 55 മണിക്കൂറും സ്ത്രീകൾ 39 മണിക്കൂറും ജോലിയെടുക്കുന്നു. സ്ഥിരംതൊഴിലുള്ളവരും ശമ്പളക്കാരുമായ പുരുഷന്മാർക്ക് ആഴ്ചയിൽ 53 മണിക്കൂറും സ്ത്രീകൾ 46 മണിക്കൂറുമാണ് ജോലി. താത്‌കാലിക ജോലിക്കാരായ പുരുഷന്മാർക്ക് 45 മണിക്കൂറും സ്ത്രീകൾക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായും ഐ.എൽ.ഒ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

കൂടുതൽ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. നഗരമേഖലകളിലെ പുരുഷന്മാർ സ്ത്രീകളെക്കാൾ ഒരു മണിക്കൂർ അധികം ജോലിയെടുക്കുന്നു. അനുവദിക്കപ്പെട്ടതിന്റെ പത്തിലൊന്നു മാത്രമേ ഇന്ത്യയിൽ വിശ്രമസമയമുള്ളൂ. സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ കുറവാണ് വിശ്രമവേള. സ്വയം തൊഴിലുകാരും ശമ്പളക്കാരും ആഴ്ചയിൽ ആറ് ദിവസത്തിൽ കൂടുതൽ ജോലിയെടുക്കേണ്ടി വരുന്നു.

ദേശീയ-സംസ്ഥാനതലങ്ങളിൽ വെവ്വേറെ നിരക്കുകളുമായി മിനിമം വേതന വ്യവസ്ഥ ഇന്ത്യയിൽ സങ്കീർണമാണെന്നും റിപ്പോർട്ട് വിലയിരുത്തി. വിവിധ തൊഴിലുകളിലായി സംസ്ഥാനങ്ങളിൽ 1915 വേതന നിരക്കുകളും ദേശീയതലത്തിൽ 48 നിരക്കുകളുമുണ്ടായിരുന്നു. എന്നാൽ, തൊഴിൽ കോഡുകൾ വരുന്നതോടെ ഇത് കുറഞ്ഞതു നാലും പരമാവധി പന്ത്രണ്ടുമായി പരിഷ്കരിക്കപ്പെടുമെന്നും റിപ്പോട്ട് നിരീക്ഷിച്ചു.

Related Articles

Leave a Reply

Back to top button