കെ എസ് ആർ ടി സി തിരുവമ്പാടി മെക്കാനിക്കൽ വിഭാഗം അടച്ചുപൂട്ടുന്നതിൻ്റെ ഭാഗമായി സ്പെയർ പാർട്ട്സുകൾ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു

തിരുവമ്പാടി: കെ എസ് ആർ ടി സി തിരുവമ്പാടി മെക്കാനിക്കൽ വിഭാഗം അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തെത്തുടന്ന് തിരുവമ്പാടി വർക്ക് ഷോപ്പിൽ നിന്നും സ്പെയർ പാർട്ട്സുകളും ടയറുകളും അടക്കമുള്ള സാധനങ്ങൾ കോഴിക്കോട് റീജിനൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള നീക്കം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തിരുവമ്പാടി മെക്കാനിക്കൽ വിഭാഗത്തിലേക്ക് പ്രതിഷേധമാർച്ചായി വന്ന പ്രവർത്തകർ പ്രതിഷേധ പ്രകടനവും, പ്രതീകാത്മകമായി വാഹനം താഴിട്ട് പൂട്ടുകയും ചെയ്തു.
തിരുവമ്പാടിക്കാർ യാത്രക്ക് ഏറ്റവും അധികം ആശ്രയിക്കുന്നത് കെ എസ് ആർ ടി സി യെ ആണ്. മലയോര മേഖലയിൽ ഉള്ള വിദ്യാർത്ഥികൾക്ക് മറ്റൊരു യാത്രസൗകര്യവും ഇല്ലെന്നിരിക്കെ തിരുവമ്പടിയിൽ ഉള്ള ഓപ്പറേറ്റിംഗ് സെന്റർ ഇല്ലാതാക്കാനുള്ള ഏതൊരു നീക്കത്തെയും പൊതുജനകളെ അണിനിരത്തി ചെറുത്ത് തോല്പിക്കുവാനും, വരും ദിവസങ്ങളിൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനും കോൺഗ്രസ് തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വട്ടപറമ്പിൽ അധ്യക്ഷത വഹിച്ച സമരപരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു .
ടി എൻ സുരേഷ്, ബിജു എണ്ണാർമണ്ണിൽ, ഹനീഫ ആച്ചപറമ്പിൽ , അജ്മൽ യു സി, അമൽ നെടുംകല്ലേൽ, ബിജു പുരയിടത്തിൽ, സക്കീർ പുറമടത്തിൽ , ലിബിൻ അമ്പാട്ട് , എന്നിവർ പ്രസംഗിച്ചു .
എന്നാൽ തിരുവമ്പാടിയിലെ കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്റർ അടച്ചുപൂട്ടുന്ന സാഹചര്യമില്ലെന്നും, മെക്കാനിക്കൽ വിഭാഗം മാത്രമാണ് മാറ്റുന്നതെന്നും തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് പറഞ്ഞു.
കെ എസ് ആർ ടി സി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന നയത്തിന്റെ ഭാഗമായാണ് മെക്കാനിക്കൽ ജീവനക്കാരെ മാറ്റിയതെന്ന് എം എൽ എ പ്രതികരിച്ചു.






