അഞ്ചുവർഷത്തിനിടെ കൂലി കൂടിയത് 50 രൂപ മാത്രം: തോട്ടംമേഖലയിൽ വറുതി

തിരുവമ്പാടി: തോട്ടം മേഖലയിൽ അഞ്ചുവർഷത്തിനിടെ നടപ്പാക്കിയത് കേവലം 50 രൂപയുടെ കൂലിവർധന. റബ്ബർത്തോട്ടം തൊഴിലാളിക്ക് ഡി.എ. അടക്കം ശരാശരി 486 രൂപ മൂന്ന് പൈസയാണ് നിലവിലെ ദിവസക്കൂലി. തേയിലത്തോട്ടത്തിൽ ശരാശരി ദിവസ വേതനം 410 രൂപയാണിപ്പോൾ.
ഇതിൽ ഡി.എ. ഒഴിവാക്കിയാൽ റബ്ബർ ത്തോട്ടം തൊഴിലാളിക്ക് 388 രൂപയും തേയിലത്തോട്ടം തൊഴിലാളിക്ക് 308 രൂപയുമാണ് അടിസ്ഥാന ശമ്പളം. 50 രൂപ കൂടുംമുന്പ് ഇത് യഥാക്രമം 336.21 രൂപയും 256.21 രൂപയുമായിരുന്നു.
പ്ലാന്റേഷൻ ലേബർ കമ്മിറ്റിയാണ് വേതനം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത്. തോട്ടം ഉടമകളുടെ പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരടങ്ങിയ സമിതിയാ|ണിത്.
ഈ സമിതിയിൽ തീരുമാനം ആകാതെ വരുമ്പോഴാണ് സർക്കാർ ഇടപെട്ട് വിജ്ഞാപനത്തിലൂടെ കൂലി വർധിപ്പിക്കാറ്. നിയമപ്രകാരം ഓരോ മൂന്ന് വർഷം കൂടുമ്പോഴും കൂലി പുതുക്കി നിശ്ചയിക്കണം
2015-ൽ കൂലി പുതുക്കി നിശ്ചയിച്ചതിന്റെ കാലാവധി അവസാനിക്കുന്നത് 2017 ഡിസംബർ 31-നാണ്. അപ്പോൾ 2018 ജനുവരി ഒന്ന് മുതൽ കൂലി പുതുക്കണം. എന്നാൽ 2021 ജനുവരി അവസാനമാണ് കൂലി സംബന്ധിച്ച് സർക്കാരിന്റെ അന്തിമ വിജ്ഞാപനം വരുന്നത്. 2019 ജനുവരി ഒന്ന് മുതൽ കൂലി പുതുക്കി നിശ്ചയിച്ചതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇതോടെ ഒരുവർഷത്തെ അതായത് 2018-ലെ മുൻകാല പ്രാബല്യം തൊഴിലാളികൾക്ക് നഷ്ടമായി.
2018 ജനുവരി ഒന്നിന് കൂലി പുതുക്കിയിരുന്നെങ്കിൽ 2021 ജനുവരി ഒന്നുമുതൽക്ക് വീണ്ടും പുതിയ കൂലി ലഭിക്കേണ്ടതായിരുന്നു. ഇതും നഷ്ടമായി. ഫലത്തിൽ രണ്ടുതവണ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലയളവിനുള്ളിൽ ഒരുതവണ മാത്രമേ കൂലി വർധനയുണ്ടായുള്ളൂ. അതും ആകെ വർധിച്ചത് 50 രൂപയും.
റബ്ബർ, തേയില, കാപ്പി, ഏലം എന്നീ വിളകൾ ഉൾപ്പെടുന്നതാണ് തോട്ടം മേഖല. ഈ വിളകൾക്കെല്ലാംതന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് സാമാന്യം ഭേദപ്പെട്ട വിലയുള്ള സീസണാണിത്. എന്നാൽ ഇതിന്റെ ഗുണഫലം കൂലി വർധനയിൽ കാണാനാകാത്തത് തോട്ടംമേഖലയിൽ അസംതൃപ്തി പടർത്തിയിട്ടുണ്ട്. കോവിഡ്കാല പ്രതിസന്ധികളും പ്രശ്നം സങ്കീർണമാക്കി.
ഷിബു ബേബി ജോൺ തൊഴിൽമന്ത്രി ആയിരിക്കെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടിസ്ഥാന ശമ്പളത്തിൽ രണ്ടുതവണകളിലായി 143 രൂപയുടെ വർധന വരുത്തിയിരുന്നു. റബ്ബർ ത്തോട്ടങ്ങളിൽ നിശ്ചിത അളവിലും കൂടുതൽ ഉത്പാദനം കൊണ്ടുവരുന്നതിന് നൽകുന്ന തുക യഥാക്രമം മൂന്ന് രൂപ 60 പൈസയിൽ നിന്ന് അഞ്ച് രൂപ 25 പൈസയായും ക്ലാസ് ഫോർ തോട്ടങ്ങളിൽ അഞ്ച് രൂപ 80 പൈസയിൽനിന്ന് ഏഴ് രൂപ 12 പൈസയായും ഉയർത്തിയിരുന്നു.
മൂന്നുമാസം മുമ്പ് വിജ്ഞാപനത്തിന്റെ കരട് സർക്കാർ പ്രഖ്യാപിച്ച സമയത്ത് കൂലി വർധനയിലെ അപര്യാപ്തതകൾ ഉൾപ്പെടെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ രേഖാമൂലം ബോധ്യപ്പെടുത്തിയെങ്കിലും അവയൊന്നും പരിഗണിക്കാതെ കരട് വിജ്ഞാപനം അന്തിമ വിജ്ഞാപനമായി പുറപ്പെടുവിക്കുകയായിരുന്നുവെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നു.







