തിരുവമ്പാടി ടൗണിൽ പൊടിശല്യം രൂക്ഷം; വ്യാപാരികൾ നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു

തിരുവമ്പാടി : കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പണി തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിന്നാലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിനാലും പ്രതിഷേധിച്ച് വ്യാപാരികൾ നാഥ് കൺസ്ട്രക്ഷന്റെ മൂന്നോളം വാഹനങ്ങൾ തടഞ്ഞു.
രാവിലെ എട്ടുമണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു വാഹനങ്ങൾ തടഞ്ഞത്, തുടർന്ന് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി പ്രശ്നത്തിന് ഉടനടി പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി ടൗണ് നനയ്ക്കുന്ന പ്രവർത്തനങ്ങൾ നാഥ് കൺസ്ട്രക്ഷൻ നിർത്തി വച്ചിരിക്കുകയാണെന്നും ഇത് ജനങ്ങളെയും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു എന്നും, നാഥ് കൺസ്ട്രക്ഷന്റെ ധിക്കാരപരമായ നടപടിക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ജിജി കെ തോമസ് പറഞ്ഞു.







