Thiruvambady

കളിക്കളങ്ങളിൽ: വീണ്ടും കരുണയുടെ ആരവം

തിരുവമ്പാടി: മലയോര ഗ്രാമങ്ങളിലെ കളിക്കളങ്ങളിലെല്ലാം ഫുട്ബോൾ ആരവങ്ങൾ വീണ്ടും സജീവമായി. കളിക്കമ്പക്കാരായ നാട്ടുകാർക്ക് ആസ്വാദനവിരുന്നൊരുക്കാൻ മാത്രമല്ല നാട്ടിൽ വേദനിക്കുന്നവരുടെ കണ്ണീർ തുടയ്ക്കുകയെന്ന ഉദാത്തമായ ലക്ഷ്യംകൂടി ഉയർത്തിപ്പിടിക്കുന്നവയാണ് ഈ മേളകൾ. രോഗികൾക്കും വീടില്ലാത്തവർക്കുമൊക്കെ ഫുട്ബോൾ മേളകളിലൂടെ സമാഹരിക്കുന്ന തുക നൽകുന്നുണ്ട്.
വൃക്ക മാറ്റിവെക്കൽപോലുള്ള വലിയ ജീവൻരക്ഷാ സഹായമുൾപ്പെടെ ഒട്ടേറെപ്പേർക്ക് അനുഗ്രഹമാവുന്നുണ്ട്. കോവിഡിന്റെ വരവോടെ കളിക്കളങ്ങൾ നിശ്ചലമായത് ജീവകാരുണ്യപ്രവർത്തനങ്ങളെ കൂടിയാണ് പ്രതിസന്ധിയിലാക്കിയത്. ഇപ്പോൾ വീണ്ടും അവ സജീവമാകുമ്പോൾ ഒട്ടേറെ പാവപ്പെട്ടവർക്കും രോഗികൾക്കും വലിയ അനുഗ്രഹം കൂടിയാവുകയാണ്.

നാട്ടിലെ മൺമറഞ്ഞുപോയ പല പ്രിയപ്പെട്ടവരുടെയും സ്മരണ പുതുക്കാനുള്ള അവസരങ്ങളായും മേളകൾ ഉപകാരപ്പെടുന്നുണ്ട്. ടിക്കറ്റുവെച്ച് നടക്കുന്ന മേളകൾ വളരെ കുറവാണ്. നാട്ടുകാരിൽനിന്നും പ്രവാസികളിൽനിന്നും ലഭിക്കുന്ന സംഭാവനകളിലൂടെയും പരസ്യം സ്പോൺസർ ചെയ്യുന്നതിലൂടെയുമൊക്കെയാണ് ധനസമാഹരണം നടത്തുന്നത്.
കാരമൂല കൽപ്പൂര് വെൽഫെയർ സൊസൈറ്റിക്കുകീഴിൽ കാരമൂല കൽപ്പൂര് ജനകീയ കൂട്ടായ്മയുടെ ഞായറാഴ്ച സമാപിച്ച ഫുട്ബോൾ മേള യുവതിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനം സമാഹരിക്കുന്നതിനാണ് സംഘടിപ്പിച്ചത്. വലിയ ജനപിന്തുണയാണ് മേളയ്ക്ക് ലഭിച്ചത്.


കോസ്‌കോ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗെയ്റ്റുംപടിയിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മേള നടന്നുവരുകയാണ്. ആംബുലൻസിന് ധന ശേഖരണാർഥമാണ് കളി.
കഴിഞ്ഞവർഷം ഫുട്ബോൾ മേളയിലൂടെ സമാഹരിച്ച തുക കൊണ്ടാണ് ക്ലബ്ബ് ആംബുലൻസ് വാങ്ങിയത്. പൂർണമായും സൗജന്യമായാണ് ആംബുലൻസ് സേവനം നടത്തുന്നത്. ഫുട്ബോളിലൂടെ സമാഹരിച്ച തുകകൊണ്ട് രണ്ട് വൃക്കരോഗികളിൽ ഒരാൾക്ക് 1.65 ലക്ഷവും മറ്റേയാൾക്ക് അൻപതിനായിരവും കഴിഞ്ഞ വർഷങ്ങളിൽ നൽകാനായി.ആറുവർഷമായി രോഗികൾക്കും വിദ്യാർഥികൾക്കും സഹായം നൽകി. വെള്ളപ്പൊക്ക ബാധിതരുടെ വീടുകളിൽ ഭക്ഷ്യക്കിറ്റുകൾ നൽകി.

യങ്‌ സ്റ്റാർ കാരക്കുറ്റി 35 വർഷത്തോളമായി ജീവകാരുണ്യപ്രവർത്തനം നടത്തിവരുന്നത് ഫുട്ബോൾ മേളകളുടെകൂടി പിൻബലത്താലാണ്.

കഴിഞ്ഞവർഷം കൊടിയത്തൂർ പെയിൻ ആൻഡ്‌ പാലിയേറ്റീവിന് 2.5 ലക്ഷം രൂപ സംഭാവന നൽകി. അതിനു മുൻവർഷം പാലിയേറ്റീവിന് ഫിസിയോ തെറാപ്പി ഉപകരണങ്ങൾ വാങ്ങി നൽകി.
ചാലഞ്ചേഴ്സ് ചെറുവാടിയും ഫുട്ബോൾ മേളകളിലൂടെയാണ് പ്രധാനമായും നാടിന് നന്മചെയ്യുന്നത്. കഴിഞ്ഞവർഷം എട്ടുലക്ഷം ചെലവിൽ വീടുവെച്ചുകൊടുത്തു. ഒട്ടേറെ രോഗികൾക്ക് സഹായം എത്തിക്കാനായി. ആവാസ് കുമാരനെല്ലൂർ ഫുട്ബോൾ മേളയിലൂടെ രണ്ട് വൃക്കരോഗികളെ സഹായിച്ചു. ഒരാൾക്ക് രണ്ടുലക്ഷത്തോളവും മറ്റൊരാൾക്ക് മൂന്നു ലക്ഷത്തോളവും നൽകി. വയനാട്ടിലെ ആദിവാസി ഊരുകളിലും നാട്ടിലെ വിദ്യാർഥികൾക്കും രോഗികൾക്കും സ്ഥിരമായി സഹായമെത്തിച്ചിരുന്നു.

മുരിങ്ങംപുറായി ഗാലക്സി സാന്ത്വനം കൂട്ടായ്മ ഫുട്ബോൾ മേളയിലൂടെ ഒരു വീടുണ്ടാക്കി നൽകി. മറ്റൊരു വീട് ഭാഗികമായും നിർമിച്ചുനൽകി. ടൗൺ ടീം മുരിങ്ങംപുറായിയും മേളയിലൂടെ ഒട്ടേറെ സഹായങ്ങൾ നൽകി.

Related Articles

Leave a Reply

Back to top button