Kerala

സ്ഥാനാര്‍ഥിക്ക് പരമാവധി 38.8 ലക്ഷം രൂപ ചിലവഴിക്കാം; കണക്കുകൾ നിരീക്ഷിക്കാൻ തിരഞ്ഞടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ ഒരുങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ മണ്ഡലത്തിൽ ചെലവാക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകൾ നിരീക്ഷിക്കാൻ തിരഞ്ഞടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ ഒരുങ്ങി. സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് ഉപയോഗിക്കുന്ന സാധനസേവനങ്ങളുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തണം. ഇതിനായി 94 ഇനങ്ങളുടെ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവുമുള്ള തുണി മാസ്കാണ് പട്ടികയിൽ പുതുതായി ഇടംപിടിച്ചത്. മാസ്ക് ഒന്നിന് 10 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവുമുള്ള ടീ ഷർട്ടിന് 100 രൂപ വീതം കണക്കാക്കും. തൊപ്പിക്ക് ഒന്നിന് 20 രൂപയാണ്. എല്ലാ ചെലവുകളുമുൾപ്പെടെ ഒരു സ്ഥാനാർഥിക്ക് മണ്ഡലത്തിൽ ചെലവഴിക്കാവുന്ന പരാമവധി തുക 38.8 ലക്ഷം രൂപ മാത്രമാണ്.

വേദി തണുപ്പിക്കാൻ

പ്രചാരണ പരിപാടികൾ നടക്കുന്ന വേദികൾ തണുപ്പിക്കണമെങ്കിൽ ചെറിയ കൂളറിന് 400 രൂപയും വലുതിന് 500 രൂപയും ചെലവ് കണക്കാക്കും. തോരണങ്ങൾ തൂക്കി ചന്തം കൂട്ടിയാൽ ഒരടി നീളത്തിന് നാലുരൂപ വെച്ച് കണക്കാക്കും. തുണിയിലുള്ള ബോർഡിന് ഒരടിക്ക് 30 രൂപയും മരത്തിന്റെ ചട്ടമുള്ളതിന് ഒരടിക്ക് 40 രൂപയും കണക്കാക്കും. മരം കൊണ്ടുള്ള കട്ടൗട്ടിന് ഒരടിക്ക് 110 രൂപയും തുണിയിലുള്ള കട്ടൗട്ടിന് 55 രൂപയും തുണിയിലുള്ള പതാകകൾക്ക് ഒരടിക്ക് 22 രൂപയുമാണ് നിരക്ക്. തുണിയിലുള്ള ബാനറിന് ഒരടിക്ക് 30 രൂപ. ചെറിയ ഗേറ്റുകൾക്ക് 3000 രൂപ. 20 പേർക്ക് ഇരിക്കാവുന്ന വേദിക്ക് 4000 രൂപയാണ് കണക്കാക്കുക. വിറതാങ്ങുന്ന പ്രസംഗപീഠത്തിന് ദിവസം 200 രൂപ നൽകണം. നേതാക്കൾക്ക് സോഫാസെറ്റാണ് വേദിയിലിടുന്നതെങ്കിൽ ഒന്നിന് 550 രൂപയാണ കണക്ക്.

പാട്ടും മേളവും

പാട്ടുപാടി പൊലിമ കൂട്ടണമെങ്കിൽ ഓഡിയോ ഗാനങ്ങൾക്ക് ഒരാൾ പാടുന്നതിന് 5000-വും രണ്ടാൾ പാടുന്നതിന് 10,000 രൂപയും ചെലവ് കണക്കാക്കും. ചെണ്ടമേളത്തോടെ പ്രചാരണം കൊഴുപ്പിക്കുന്നുവെങ്കിൽ ബാൻഡ് മേളത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് 500 രൂപയും ചെണ്ടമേളത്തിന് ഒരാൾക്ക് 500 രൂപ വീതവും കണക്കാക്കും. കലാകാരന്മാരെ പ്രചാരണത്തിന് കൂടെ കൂട്ടിയാൽ ദിവസം 600 രൂപ കണക്കാക്കും. ആകാശ ക്യാമറയുപയോഗിച്ച് പ്രചാരണം കൊഴുപ്പിക്കാൻ മണിക്കൂറിന് 500 രൂപ കണക്കാക്കും.

വിളക്ക് തെളിക്കാൻ

ട്യൂബ് ലൈറ്റ് 20, ഹാലജൻ ലൈറ്റ് 200, എൽ.ഇ.ഡി. ടി.വി. 500, വീഡിയോ വാൾ ചെറുത് (8X6) ദിവസത്തിന് 4000 രൂപയും വലുതിന് 5000 രൂപയും ചെലവ് കണക്കാക്കും. ജനറേറ്റർ 15 കെ.വി.ക്ക് 2000 രൂപ ദിവസത്തിന്. ഓഡിറ്റോറിയത്തിന് നഗരപ്രദേശങ്ങളിൽ 500 ആളുകളെ ഉൾക്കൊള്ളുന്നതിന് 6000 രൂപയും പഞ്ചായത്തുകളിൽ 3000 രൂപയുമാണ് നിരക്ക്

Related Articles

Leave a Reply

Back to top button