Kerala

‘ഞാന്‍ മാലിന്യം ഒഴുക്കുന്നെങ്കില്‍ സര്‍ക്കാരുകള്‍ യൂസ്‌ലെസ്’; കിറ്റെക്‌സ് മാലിന്യപ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്വന്റി20 സാബു

കിറ്റെക്‌സ് കമ്പനി കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നുയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ട്വന്റി20 പാര്‍ട്ടി
ചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ്. കിറ്റെക്‌സ് ഫാക്ടറികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 53 വര്‍ഷമായെന്നും ഇത്രയും വര്‍ഷം ഇല്ലാതിരുന്ന മാലിന്യം ഇപ്പോള്‍ എങ്ങനെയുണ്ടായെന്നും സാബു ചോദിച്ചു. താന്‍ മാലിന്യം ഒഴുക്കുന്നുണ്ടെങ്കില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും സാബു ജേക്കബ് ചോദിച്ചു.

സാബു ജേക്കബ് പറയുന്നു: ”കിറ്റെക്‌സ് ഫാക്ടറികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 53 വര്‍ഷങ്ങളായി. ഇത്രയും വര്‍ഷം ഇല്ലാതിരുന്ന മാലിന്യം ഇപ്പോള്‍ എങ്ങനെയുണ്ടായി. പിടി തോമസ് ആണ് ഞങ്ങള്‍ കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നതെന്ന് പറഞ്ഞ് നടക്കുന്നത്. അപ്പോള്‍ അദ്ദേഹം സമ്മതിക്കണം, അദ്ദേഹത്തിന്റെ സര്‍ക്കാരും മുഖ്യമന്ത്രിയും ഭരണസമിതിയുമൊക്കെ വെറും യൂസ് ലെസ് ആയിരുന്നുയെന്ന്. ഒരു സ്ഥാപനം നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഈ ഭരിച്ചവര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല. സ്ഥാപനം മാലിന്യം പുറത്തുവിടുന്നുണ്ടെങ്കില്‍, 24 മണിക്കൂറില്‍ നോട്ടീസ് കൊടുത്ത് ഫാക്ടറി അടച്ചുപൂട്ടാനുള്ള നിയമം ഇവിടെയുണ്ട്. പൊലീസിന് മേധാവികളെ അറസ്റ്റ് ചെയ്യാം. 53 വര്‍ഷം ഭരിച്ചത് ഞാനാണോ? ആരാണ് ഈ ലൈസന്‍സ് കൊടുക്കുന്നത്. എനിക്ക് ഒരുദിവസം പോലും ലൈസന്‍സ് നിഷേധിച്ചിട്ടുണ്ടോ? ഞാന്‍ മാലിന്യമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ് ആരെങ്കിലും നോട്ടീസ് തന്നിട്ടുണ്ടോ? ആരോഗ്യവകുപ്പാണ് ലൈസന്‍സ് നല്‍കേണ്ടത്. ആരോപണം ഉന്നയിക്കുന്നത് എല്‍ഡിഎഫായാലും യുഡിഎഫായാലും അവര് സമ്മതിക്കണം. സര്‍ക്കാരുകളുടെ പിടിപ്പുകേട് കൊണ്ടാണ് മാലിന്യം ഒഴുക്കുന്നതെന്ന്. ഞാന്‍ മാലിന്യം ഒഴുക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല.”

കിറ്റെക്‌സ് പുറത്തുവിടുന്ന മാലിന്യത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് തങ്ങളാണെന്ന് പ്രദേശവാസികള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. കിറ്റെക്സ് കമ്പനിയിലെ ബ്ലീച്ചിംഗ് ആന്റ് ഡൈയിംഗ് യൂണിറ്റിലെ മലിനീകരണ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചതോടെ ഇതിനെ മറികടക്കാന്‍ കിറ്റെക്സ് കമ്പനിയുടമ സാബു എം ജേക്കബ് തുടങ്ങിയതാണ് ട്വന്റി ട്വന്റി കൂട്ടായ്മ. പ്രദേശത്ത് കിറ്റെക്സ് കമ്പനി വലിയ തോതില്‍ ജലചൂഷണവും നടത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്പനിയിരിക്കുന്ന സ്ഥലത്തിന്റെ താഴ്ഭാഗത്ത് പാടം നികത്തി ഭൂപ്രദേശം കൂടുതല്‍ ആഴത്തില്‍ കുഴിച്ച് ആവശ്യമായ വെള്ളം ഉപയോഗിക്കുകയും ഒപ്പം ഉപയോഗശേഷമുള്ള വെള്ളത്തിന്റെ 80 ശതമാനവും പ്രദേശത്തേക്ക് തന്നെ തള്ളുന്ന രീതിയാണ് കമ്പനി വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നതെന്ന് ചേലക്കുളം സ്വദേശി അനൂപ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Back to top button