തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി – കർഷക സംവാദം സംഘടിപ്പിച്ചു

തിരുവമ്പാടി: രാഷ്ട്രീയ കിസാൻ മഹാസംഘ്, കർഷക ജനശബ്ദം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുക്കിക്കൊണ്ട് സ്ഥാനാർഥി-കർഷക സംവാദം സംഘടിപ്പിച്ചു. സി ടി വി, തിരുവമ്പാടി വാർത്തകൾ, എന്റെ തിരുവമ്പാടി എന്നിവരുമായി ചേർന്നാണ് സംവാദ പരിപാടി സംഘടിപ്പിച്ചത്.
തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ യു ഡി എഫ്, ഒ ഐ ഒ പി സ്ഥാനാർത്ഥികൾ കർഷകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി. അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ച സംവാദ പരിപാടി വിഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു. അജു എമ്മാനുവൽ, അഡ്വ. സുമിൻ എസ് നെടുങ്ങാടൻ, ജോജോ കാഞ്ഞിരക്കാടൻ തുടങ്ങിയവർ സംസാരിച്ചു.
കൃഷിഭൂമിയും കാർഷിക രംഗവുമായും ബന്ധപ്പെട്ട ചോദ്യങ്ങളും സംശയങ്ങളുമാണ് കർഷകർ പ്രധാനമായും പരിപാടിയിൽ ഉന്നയിച്ചത്. വന്യമൃഗ ശല്യം, പട്ടയപ്രശ്നങ്ങൾ, വനംവകുപ്പിന്റെ ജനദ്രോഹ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ പൂർണ്ണമായും കർഷക അനുകൂല നിലപാടുകൾ സ്വീകരിക്കുമെന്ന് രണ്ട് സ്ഥാനാർഥികളും ഉറപ്പ് നല്കി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും നിന്നുമുള്ള കർഷകർ പരിപാടിയിൽ പങ്കെടുത്തു.
ഇതുവരെയും രാഷ്ട്രീയ നേതാക്കൾ പറയുന്നത് കേൾക്കുക മാത്രം ചെയ്തിരുന്ന കർഷക സമൂഹം സ്ഥാനാർഥികൾ അടക്കമുള്ള നേതാക്കളോട് ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുവാൻ തുടങ്ങി എന്നതും ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വങ്ങളെങ്കിലും അതിനെ വിലമതിക്കാനുള്ള മനസ്സ് കാണിച്ച് തുടങ്ങി എന്നതും ഒരു ശുഭ സൂചനയാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.







