മണൽ മാഫിയയുമായി ബന്ധമെന്ന് ആരോപണം; യൂത്ത് ലീഗ് നേതാവിനെതിരെ നടപടി

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾക്കെതിരെ ഉയർന്ന് വന്ന മണൽ മാഫിയ ബന്ധത്തിനിടയായ വോയ്സ് ക്ലിപ്പിൻെറ അടിസ്ഥാനത്തിൽ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്യൂത്ത് ലീഗ് . സംഘടനക്ക് യോജിക്കാനാവാത്ത നിലപാട് സ്വീകരിച്ച കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജോയിൻ്റ് സെക്രട്ടറി നിയാസ് ചെറുവാടിയെ അന്വേഷണ വിധേയമായി ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മണൽക്കടത്തുകാരുടേതെന്ന് സംശയിക്കുന്ന വോയ്സ് ക്ലിപ്പ് പുറത്ത് വന്നത്.
മണൽ ലോറി പോലീസ് പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തർക്കത്തിനിടയിൽ മുസ്ലീം ലീഗിൻ്റെ രണ്ട് പഞ്ചായത്തംഗങ്ങളുടെ പേര് പരാമർശിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തംഗങ്ങൾ യാതൊരു നിലക്കും അറിയാത്ത സംഭവത്തിൽ ഇവരുടെ പേര് വലിച്ചിഴച്ച സാഹചര്യത്തിലാണ് നിയാസ് ചെറുവാടിക്കെതിരെ നടപടി സ്വീകരിച്ചത് . അതേ സമയം വോയ്സ് ക്ലിപ്പ് പ്രചരിച്ചതോടെ ഗ്രാമ പഞ്ചായത്തംഗങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു.
പഞ്ചായത്തംഗങ്ങളുടെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തോഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ സംഭവം വിവാദമായ സാഹചര്യത്തിലാണ് നിയാസ് ചെറുവാടിക്കെതിരെ നടപടി സ്വീകരിച്ചത്.
കൊടിയത്തൂരിൽ കുറച്ച് കാലങ്ങളായി അനധികൃത മണൽ ക്കടത്ത് വ്യാപകമാണ്. ചാലിയാറിൽ നിന്നും, ഇരുവഴിഞ്ഞി പുഴയിൽ നിന്നുമാണ് നിയമങ്ങൾ കാറ്റിൽ പറത്തി നിർബാധം മണൽ ഊറ്റുന്നത്. മണൽ കൊള്ള തടയാൻ നടപടിയെടുക്കേണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണ് മണൽ കൊള്ളയെന്നും ആക്ഷേപമുണ്ട്.







