India

പൗരത്വ പ്രതിഷേധം; ഏറ്റവും വലിയ തിരിച്ചടി ടൂറിസം മേഖലയ്ക്ക്! താജ്മഹല്‍ യാത്ര റദ്ദാക്കിയത് 2,00,000 വിനോദ സഞ്ചാരികള്‍

മുംബൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ടൂറിസം മേഖലയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇന്ത്യയിലേക്ക് കൂടുതലായും ടൂറിസ്റ്റുകള്‍ എത്തുന്നത്. എന്നാല്‍ ഇത്തവണ ഡിസംബറില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 60 ശതമാനം കുറവുണ്ടായി.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആഗ്രയിലെ താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള യാത്ര മാറ്റിവച്ചത് രണ്ട് ലക്ഷത്തോളം പേരാണെന്ന് റിപ്പോര്‍ട്ട്. താജ് മഹലിനടുത്തുള്ള പോലീസ് സ്റ്റേഷനിലെ രേഖകള്‍ പ്രകാരമാണ് ഈ കണക്ക്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെയും ഈ വര്‍ഷം ഡിസംബറിലെയും കണക്കെടുത്തപ്പോഴാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ട് ലക്ഷം പേരുടെ കുറവുണ്ടായെന്ന് വ്യക്തമായത്.

താജ് മഹലിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിയറിയാന്‍ വിനോദസഞ്ചാരികള്‍ വിളിക്കുന്നുണ്ടെന്നും, സുരക്ഷ ഉറപ്പുനല്‍കിയിട്ടും മിക്കവരും യാത്ര റദ്ദാക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുള്ളത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. ഇവിടെ വര്‍ഷം 65 ലക്ഷം ടൂറിസ്റ്റുകളെങ്കിലും എത്താറുണ്ട്. ഇതില്‍ നിന്ന് വര്‍ഷം 14 ദശലക്ഷം ഡോളര്‍ (99.99 കോടി) എന്‍ട്രന്‍സ് ഫീ ഇനത്തില്‍ രാജ്യത്തിന് വരുമാനം ലഭിക്കാറുമുണ്ട്.

വിദേശത്ത് നിന്നെത്തുന്ന സഞ്ചാരികളുടെ എന്‍ട്രന്‍സ് ഫീ 1100 രൂപയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് താഴ്ന്നപ്പോള്‍ ടൂറിസം രംഗത്തിന് ഇടിവ് പറ്റിയിരുന്നു. ഇതിന് മുകളിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തിരിച്ചടിയായത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് ആഗ്രയില്‍ വിനോദസഞ്ചാരത്തെ ബാധിച്ചിട്ടുണ്ടെന്ന് ആഗ്ര ടൂറിസം ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ പ്രസിഡന്റ് സന്ദീപ് അറോറ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button