Kozhikode

രോഗത്തിനു വഴങ്ങിയില്ല, പിന്നെയല്ലേ ചോദ്യങ്ങൾ; പരീക്ഷണങ്ങളേറെ കടന്നു, ഇതു പരീക്ഷാക്കാലം

കോഴിക്കോട്∙ മാസ്കിട്ട്, ഗ്യാപ്പിട്ട് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്കു തുടക്കം. രാവിലെ പന്ത്രണ്ടാം ക്ലാസ് വിവിധ സ്ട്രീമുകളുടെ പരീക്ഷയും ഉച്ചകഴിഞ്ഞ് എസ്എസ്എൽസി മലയാളം പരീക്ഷയുമാണ് നടന്നത്. ജില്ലയിൽ 44542 വിദ്യാർഥികളാണു എസ്എസ്എൽസി പരീക്ഷ എഴുതിയപ്പോൾ 46484 കുട്ടികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി. 199 കേന്ദ്രങ്ങളിലാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്.കോവി‍ഡ് ബാധിച്ച വിദ്യാർഥികളും പരീക്ഷയെഴുതാനെത്തിയിരുന്നു. ജില്ലയിലാകെ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് കോവിഡ് ചികിത്സയിലിരിക്കെ പരീക്ഷയ്ക്കെത്തിയത്. ഇവർ പിപിഇ കിറ്റ് ധരിച്ച് പ്രത്യേകം മുറിയിലിരുന്നാണ് പരീക്ഷയെഴുതിയത്. കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവർക്കായും പ്രത്യേകം മുറിയൊരുക്കിയിരുന്നു.

മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ പരമാവധി പാലിച്ചാണ് പരീക്ഷകൾ നടന്നത്.ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളാണു പരീക്ഷയ്ക്കുണ്ടായിരുന്നത്. എല്ലാ ചോദ്യങ്ങൾക്കും ഓപ്ഷനുകളും ഉണ്ടായിരുന്നതിനാൽ ആദ്യ ദിനത്തിലെ പരീക്ഷ കുട്ടികളെ അധികം വലച്ചില്ല. ഇന്നും പരീക്ഷകൾ നടക്കുന്നുണ്ട്.  

പേടിക്കേണ്ട, പിടിഎ പ്രസിഡന്റുണ്ട്

കോവിഡ് പോസിറ്റീവായ വിദ്യാർഥിയെ പരീക്ഷയെഴുതാനെത്തിച്ച് പിടിഎ പ്രസിഡന്റ്. സിപിഎം ആഴ്ചവട്ടം സൗത്ത് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സജിത്ത് അടിച്ചിക്കാട്ടാണ് കോവിഡ് ബാധിച്ച വിദ്യാർഥിയെ പരീക്ഷയെഴുതിക്കാൻ ആഴ്ചവട്ടം സ്കൂളിലെത്തിച്ചത്. വിദ്യാർഥിയുടെ വീട്ടിൽ എല്ലാവരും കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് അയൽവാസിയായ സജിത്ത് സഹായത്തിനെത്തിയത്. സജിത്ത് തന്നെ വാഹനമോടിച്ച് വിദ്യാർഥിയെ പരീക്ഷയ്ക്കെത്തിച്ചു. ഇനിയുള്ള പരീക്ഷകളിലും ഇങ്ങനെ തുടരുമെന്നു സജിത്ത് പറഞ്ഞു.

രോഗത്തിനു വഴങ്ങിയില്ല;പിന്നെയല്ലേ ചോദ്യങ്ങൾ 

ഗവ.മെഡിക്കൽ കോളജ് ക്യാംപസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി ഡാനിയേൽ ഡെന്നിസ് ഇന്നലെ അതിജീവിച്ചത് കടുകട്ടി ചോദ്യങ്ങളെ മാത്രമല്ല, തന്നെ കീഴടക്കാനെത്തിയ മസ്കുലാർ ഡിസ്ട്രോഫിയെയുമാണ്. പേശികളുടെ ചലനത്തെ ബാധിക്കുന്ന അസുഖം കാരണം ചേട്ടൻ മാനുവൽ ഡെന്നിസിനൊപ്പം ആംബുലൻസിലാണ് ഡാനിയേൽ എത്തിയത്. സ്ക്രൈബിന്റെ സഹായത്തോടെയായിരുന്നു പരീക്ഷ എഴുതിയത്. ചെറുപ്പം മുതൽ അസുഖം കൂടെയുണെങ്കിലും കീഴടങ്ങാൻ ഡെന്നിസ് തയാറായിരുന്നില്ല.

കാറിലോ മറ്റു വാഹനങ്ങളിലോ ദീർഘദൂരം യാത്ര ചെയ്യാൻ സാധിക്കാത്ത ഡെന്നിസിന്റെ മുന്നിൽ ആകെയുള്ള മാർഗം ആംബുലൻസ് മാത്രമായിരുന്നു. കാളാണ്ടിത്താഴം സ്വദേശിയായ ഡെന്നിസിനെ പ്രോത്സാഹിപ്പിച്ചത് ഹെഡ്മാസ്റ്റർ പ്രമോദും ബിആർസിയിലെ അധ്യാപകരുമാണ്. യുവധാര ക്ലബ് ആംബുലൻസ് ഒരുക്കിയതോടെ ഡെന്നിസ് ഇന്നലെ പരീക്ഷയെഴുതി. 

Related Articles

Leave a Reply

Back to top button