തെരുവുനായ വീട്ടിൽക്കയറി വീട്ടമ്മയെ ആക്രമിച്ചു

കോഴിക്കോട് : തെരുവു നായ വീട്ടിലേക്ക് ഓടിക്കയറി വീട്ടമ്മയെ കടിച്ച് പരിക്കേൽപ്പിച്ചു. അത്താണിക്കൽ കക്കുളങ്ങരപ്പാറ ഇട്ടുവീട്ടിൽ സുരേഷ്ബാബുവിന്റെ ഭാര്യ ലളിത(64)യ്ക്കാണ് തെരുവു നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
വീടിന്റെ അടുക്കളഭാഗത്ത് വർക്ക് ഏരിയയിൽ ഇരിക്കുകയായിരുന്ന വീട്ടമ്മയെ എവിടെനിന്നോ ഓടിയെത്തിയ നായ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു. മൂക്കിനും കൈയ്ക്കും കാലിനും തുടയ്ക്കുമായി എട്ടോളം മുറിവുകളുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കാലിന് അസുഖമുള്ളതിനാൽ പെട്ടെന്ന് എഴുന്നേറ്റ് ഓടാൻ സാധിക്കാത്തതാണ് നായയുടെ ആക്രമണം രൂക്ഷമാകാൻ കാരണമായതെന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മകൻ സംലേഷ് പറഞ്ഞു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എട്ടോളം ഇഞ്ചക്‌ഷൻ എടുത്തിട്ടുണ്ട്. അമ്മയെ കടിച്ച് നായ നേരെ തന്റെ വീട്ടിലേക്കാണ് ഓടിയെത്തിയതെന്നും കൈയിൽ കിട്ടിയ മാറ്റ് (ചവിട്ടി) എടുത്ത് നായയെ അടിച്ചോടിക്കുകയായിരുന്നെന്നും സംലേഷ് പറഞ്ഞു.







