ഐപിഎൽ: പതിവ് തെറ്റിക്കാതെ മുംബൈ; ഉദ്ഘാടന മത്സരത്തിൽ ബംഗ്ലൂരിന് ജയം

ചെന്നൈ: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തുടക്കം, ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റില്‍
കഴിഞ്ഞ സീസണുകളിലേതിന് സമാനമായി ആദ്യ മത്സരം പരാജയപ്പെട്ടാണ് മുംബൈ ഇക്കുറിയും ടൂർണമെന്‍റ് തുടങ്ങിയിരിക്കുന്നത്.
മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യത്തിലേക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തില്‍ ബാംഗ്ലൂർ എത്തുകയായിരുന്നു. സീനിയർ താരം എബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പൻ ബാറ്റിങ്ങിന്റെ പിൻബലത്തിലാണ് ബാംഗ്ലൂർ വിജയത്തിലെത്തിയത്. 27 പന്തുകളിൽനിന്ന് 48 റൺസാണ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്.
ഗ്ലെൻ മാക്സ്‍വെൽ 28 പന്തിൽ 39 റൺസും ക്യാപ്റ്റൻ വിരാട് കോലി 29 പന്തിൽ 33 റൺസും നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. 35 പന്തിൽ 49 റൺസെടുത്ത ക്രിസ് ലിൻ ആണ് മുംബൈയുടെ ടോപ് സ്കോറർ. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതാണ് ലിന്നിന്റെ ഇന്നിങ്സ്. സൂര്യകുമാർ യാദവ് 23 പന്തില്‍ 31 റൺസ് സ്വന്തമാക്കി.





