ഇരുവഴിഞ്ഞിപുഴയിൽ രക്ഷകരാകാൻ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളംപേർക്ക് നീന്തൽപരിശീലനം

മുക്കം: കരകവിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിയുടെ ഓളങ്ങളിൽ രക്ഷകരാകാൻ ഇനി ‘കുട്ടിപ്പട്ടാളവും’. മുക്കം നഗരസഭാപരിധിയിലെ കച്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സംസ്കാര കച്ചേരി’യുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളംപേർക്ക് നീന്തൽപരിശീലനം നൽകുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തോണി തുഴച്ചിലിലും പരിശീലനം നൽകും. എല്ലാം സൗജന്യം.
തുടർച്ചയായി രണ്ടുവർഷങ്ങളിലായി ഉണ്ടായ പ്രളയത്തിൽ കച്ചേരി പ്രദേശം പൂർണമായും വെള്ളത്തിലായിരുന്നു. വെള്ളക്കെട്ടിൽവീണും ഒഴുക്കിൽപ്പെട്ടുമുള്ള അപകടങ്ങൾ മാധ്യമങ്ങളിൽ നിത്യസംഭവമായ പശ്ചാത്തലത്തിലാണ് നീന്തലിലും തോണി തുഴച്ചിലിലും പരിശീലനം നൽകാൻ ക്ലബ്ബ് ഭാരവാഹികൾ തീരുമാനിച്ചത്. തീരുമാനം വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ഇരുവഴിഞ്ഞിപ്പുഴയുടെ വേങ്ങേരിതൊടിക കടവിലേക്ക് എത്തിത്തുടങ്ങി. എല്ലാ ഞായറാഴ്ചകളിലും രാവിലെയും വൈകീട്ടും വിവിധ ബാച്ചുകളായാണ് പരിശീലനം. പ്ലാസ്റ്റിക് കന്നാസുകൾ കൂട്ടിക്കെട്ടിയാണ് കുട്ടികൾക്കുള്ള നീന്തൽപരിശീലനം തുടങ്ങുന്നത്.
നീന്തൽ പഠിച്ചാൽ അവരെ വാഹനത്തിന്റെ ട്യൂബുകളിലേറി രക്ഷാപ്രവർത്തനം നടത്താനും പരിശീലിപ്പിക്കും. ക്ലബ്ബ് 30,000 രൂപ ചെലവിൽ സ്വന്തമായി തോണി വാങ്ങിയാണ് തുഴയാൻ പരിശീലനം നൽകുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ പരിശീലനം, ആറുമാസം പിന്നിടുമ്പോൾ കൊച്ചുകുട്ടികൾ ഉൾപ്പെടെ നൂറിലധികം പേരെയാണ് രക്ഷാപ്രവർത്തകരാക്കിയത്. സംസ്കാര കച്ചേരി സെക്രട്ടറി അൻവറിന്റെയും ട്രഷറർ കെ.ടി. ഷാജിയുടെയും നേതൃത്വത്തിലാണ് പരിശീലനം







