കക്കാടംപൊയിൽ റോഡിൽ അടിതെറ്റി നാട്ടുകാർ ദുരിതത്തിൽ

കൂടരഞ്ഞി ∙ കക്കാടംപൊയിൽ റോഡ് നവീകരണം നിലച്ചു; നാട്ടുകാർ ദുരിതത്തിൽ. മലയോര ഹൈവേ തിരിയുന്ന കുളത്തിങ്കൽ കയറ്റത്തിന്റെ ഭാഗം മുതൽ താഴെ കക്കാട് വരെ 2 വർഷമായി തട്ടിമുട്ടി തുടരുന്ന പ്രവൃത്തിയാണു നിലച്ചത്. റോഡിലെ കുഴികളിൽ കരാറുകാർ ഇട്ട പാറപ്പൊടി വേനൽ മഴയിൽ ഒലിച്ചു പോയതോടെ പൊടിശല്യം ഒഴിവായി എന്ന ആശ്വാസം മാത്രമാണുള്ളത്. കൂമ്പാറയിൽ നിന്നു കക്കാടംപൊയിലിലേക്കുള്ള ഏക റോഡാണിത്.
പീടികപ്പാറയ്ക്ക് സമീപം പുതിയതായി നിർമിച്ച കലുങ്കിലെ സ്ലാബിന്റെ കമ്പി 6 മാസം ആയപ്പോഴേക്കും പുറത്തെത്തിയതു യാത്രക്കാർക്കു ഭീഷണിയായിട്ടുണ്ട്. പീടികപ്പാറ അങ്ങാടിക്കു സമീപത്തെ വളവിലെ സംരക്ഷണ ഭിത്തി ഇതുവരെ പൂർത്തിയാകാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
റോഡ് നവീകരണം പുനരാരംഭിച്ചില്ലെങ്കിൽ മഴക്കാലത്തു റോഡിലൂടെയുള്ള യാത്ര അസാധ്യമാകും. കരാർ കമ്പനിയുടെ അനാസ്ഥയാണു റോഡ് നവീകരണം താളം തെറ്റാൻ കാരമെന്ന് ആക്ഷേപമുണ്ട്.റോഡ് നവീകരണം സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നടപടിയില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.






