Mukkam

വഴിയോര വിശ്രമകേന്ദ്രം അഗസ്ത്യൻമൂഴിയിൽത്തന്നെ ഉയരും

മുക്കം : നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിട. നീണ്ടയാത്രയ്ക്കിടയിൽ വിശ്രമിക്കാനും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുമുള്ള വഴിയോര വിശ്രമകേന്ദ്രം അഗസ്ത്യൻമൂഴിയിൽത്തന്നെ ഉയരും. സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നിർമിക്കാനുദ്ദേശിച്ചിരുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണപ്രവൃത്തി പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

തന്റെ പുരയിടത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് കെട്ടിടംനിർമിക്കുന്നതെന്ന് കാണിച്ചാണ് പ്രദേശവാസി പരാതി നൽകിയത്. പ്രദേശവാസി പരാതി ഉയർത്തിയ വാദങ്ങൾ പൂർണമായും തള്ളിയാണ് വിശ്രമകേന്ദ്രം നിർമിക്കാൻ ഹൈക്കോടതി അനുമതി നൽകിയതെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. പരാതിക്കാരന് പുരയിടത്തിലേക്ക് സംസ്ഥാനപാതയിൽനിന്നുതന്നെ പതിനഞ്ചുമീറ്ററോളം വീതിയുള്ള വേറെവഴി ഉണ്ടെന്ന് നാട്ടുകാർ വാദിച്ചു. ഈ വഴി തടസ്സപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി നിർമാണാനുമതി നൽകിയത്.

മുക്കം നഗരസഭയുടെ സ്വപ്നപദ്ധതിയെ അഗസ്ത്യൻമുഴിയിൽനിന്നു കൊണ്ടുപോകാൻ നീക്കം നടക്കുന്നതായി കാണിച്ച് കഴിഞ്ഞ ഫെബ്രുവരി 26-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തുടനീളമായി ആയിരത്തി ഇരുനൂറിലധികം വഴിയോര വിശ്രമകേന്ദ്രങ്ങളാണ് സർക്കാർ നിർമിക്കുന്നത്. ഇതിൽ മുന്നൂറിലധികം വഴിയോര വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായി. രണ്ടുനിലകളുള്ള കെട്ടിടത്തിൽ ടെലിവിഷനും എ.സി.യും മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടുവീതവും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നതരത്തിലുള്ള ഒരു ശൗചാലയവും കെട്ടിടത്തിലുണ്ടാകും.

Related Articles

Leave a Reply

Back to top button