
കൊടുവള്ളി: കൊടുവള്ളിയില്‍ നൂറ് കോവിഡ് രോഗികള്‍ക്കുള്ള സൗകര്യങ്ങളുമായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി. കൊടുവള്ളി മുസ്ലിം യത്തീംഖാനയുടെ ഉടമസ്തതയിലുള്ള ഐടിഐ കെട്ടിടത്തിലാണ് എഫ്എല്‍ടിസി സജ്ജീകരിച്ചത്. നേരത്തെ എഴുപത് കിടക്കകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നൂറ് കിടക്കകകളായി വര്‍ധിപ്പിക്കുകയായിരുന്നു.
ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണുകളും കണ്ടെയ്മെന്റ് സോണുകളും വർധിച്ച സാഹചര്യത്തില്‍ വീടുകളില്‍ സ്വന്തമായി സൗകര്യമില്ലാത്തവരേയും അത്യാവശ്യ ചികിത്സ ആവശ്യമുള്ളവരേയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. ആറ് അംഗങ്ങളുള്ള മെഡിക്കല്‍ സംഘത്തെ എഫ്എല്സിടിയില് നിയോഗിക്കും. രോഗികള്‍ക്ക് കുടുംബശ്രീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണമെത്തിച്ചു നല്‍കും. അസി. ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഇന്ന് എഫ്എല്‍ടിസി തുടങ്ങുന്ന ഐടിഐ ടവര്‍ സന്ദര്‍ശിച്ചു. കൊടുവള്ളി നഗരസഭാ ചെയര്മാന് വെള്ളറ അബ്ദു, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. സുശിനി, അരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ടി. മൊയ്തീന്‍കോയ, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി. ശശി. അസി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജി, സിഎച്സി ഹെല്‍ത്ത് വിഭാഗം ഇന്‍ചാര്‍ജ് പ്രസാദ് എന്നിവരും അസി കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.






