മൂന്ന് മക്കളെയും കാണാതായി; ആധിയിലാണ് അന്ധനായ ഈ പിതാവ്

നരിക്കുനി ∙ കാണാതായ മൂന്ന് മക്കളെവിടെ എന്ന ആധിയിലാണ് അന്ധനായ ഈ പിതാവ്. എരവന്നൂർ വെളുത്തേടത്ത് സാലിമിന്റെ (38) 3 മക്കളെയാണ് കഴിഞ്ഞ ദിവസം മുതൽ ഭാര്യക്കൊപ്പം കാണാതായത്. ഭാര്യ ഹസീന (30), മക്കളായ ഫാത്തിമ സന (9), മുഹമ്മദ് മുഹ്സിൻ (5), ഹിന മറിയം (3) എന്നിവരെയാണ് 25ന് രാത്രി മുതൽ കാണാതായത്. മക്കളുടെ അവസ്ഥ എന്താണെന്ന് അറിയാത്തതിനാൽ ഇനി അവരെ കണ്ടതിനു ശേഷമേ ഭക്ഷണം കഴിക്കൂ എന്ന ദൃഢപ്രതിജ്ഞയിലാണ് സാലിം.
26ന് പുലർച്ചെ നോമ്പിന്റെ ഭക്ഷണം കഴിക്കാൻ എണീറ്റപ്പോഴാണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്. 4000 രൂപയും നഷ്ടപ്പെട്ടിരുന്നു. 30 വർഷം മുൻപ് പിതാവിനെ നഷ്ടപ്പെട്ട സാലിമിന് ആശ്രയമായിരുന്ന ഉമ്മ മറിയം കഴിഞ്ഞ വർഷം മരിച്ചു. പിന്നീട് മക്കൾ ആയിരുന്നു സാലിമിന്റെ തണൽ. സാലിമിനു സഹോദരങ്ങളില്ല. മക്കൾക്ക് ആപത്ത് വരുത്തുമോ എന്ന ഭയത്തിലാണ് ഇദ്ദേഹം കഴിയുന്നത്. ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് സാലിമിന്റെ ആക്ഷേപം.
മക്കളെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്. ഭാര്യയുമായി പൊരുത്തക്കേടുകളുണ്ടായിരുന്നിട്ടും മക്കളെ തന്റെ അടുത്ത് കിട്ടണമെന്നതുകൊണ്ടാണ് വിവാഹമോചനത്തിനു തയാറാകാതിരുന്നതെന്ന് സാലിം പറഞ്ഞു. നാട്ടിൻപുറങ്ങളിലെ കലാകൂട്ടായ്മകളിലെ ശ്രദ്ധേയനായ ഗായകൻ കൂടിയാണ് സാലിം. ഇപ്പോൾ സുഹൃത്തിനൊപ്പം ചേർന്ന് കാരന്തൂരിൽ എസ്എം സ്വീറ്റ് വോയ്സ് റിക്കാർഡിങ് സ്റ്റുഡിയോ നടത്തുകയാണ്.







