Kozhikode

ബാലുശ്ശേരിയിൽ കട കുത്തിത്തുറന്ന് മോഷണം

ബാലുശ്ശേരി : ബാലുശ്ശേരി ടൗണിൽ വീണ്ടും മോഷണം. ടൗണിലെ പോസ്റ്റോഫീസ് റോഡിലുള്ള ആഷ് പെപ്പർ എന്ന കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ ലോക്ക് പൊട്ടിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ചില്ലുവാതിൽ അടിച്ച് തകർത്താണ് ഉള്ളിൽ കടന്നത്.

കടയിലുണ്ടായിരുന്ന മുപ്പതിനായിരംരൂപ മോഷ്ടിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. തൊട്ടടുത്ത കടയുടെ വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നന്മണ്ട 14-ലെ സ്വകാര്യ ആശുപത്രിയിലും മോഷണം നടന്നു. നാലു പേരടങ്ങിയ സംഘം പി.പി.ഇ. കിറ്റ് ധരിച്ച് വാഹനത്തിലാണ് എത്തിയത്. മോഷണം നടത്തിയതിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബാലുശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.

ആറുമാസത്തിനിടയിൽ മഞ്ഞിലാസ് ജൂവലറി, ലോക്കപ്പ്, ത്രിവേണി സ്റ്റോർ, കനകം പല ചരക്കുകട തുടങ്ങി ആറു കടകളിലാണ് മോഷണം നടന്നത്.

ഒന്നിനും ഇതുവരെ തുമ്പുണ്ടായിട്ടില്ല. എല്ലാ മോഷണങ്ങളുടേയും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അന്വേഷണഷവും മുറപോലെ നടക്കുന്നുണ്ട്. ഒരേ തരത്തിലുള്ള മോഷണമാണ് എല്ലാ കടകളിലും നടന്നിരുന്നത്.

ടൗണിൽ പട്രോളിങ്‌ ശക്തമാക്കണം

: ബാലുശ്ശേരി ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്ന സാഹചര്യത്തിൽ ടൗണിൽ പോലീസ് പട്രോളിങ്‌ കാര്യക്ഷമമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ. പി. സുരേഷ് ബാബു ആവശ്യപ്പെട്ടു. ഓരോ മോഷണങ്ങൾ നടക്കുമ്പോഴും അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതേവരേയും ഒരാളേയും പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആരോപിച്ചു.

Related Articles

Leave a Reply

Back to top button