നിയന്ത്രണങ്ങൾ പാലിച്ച് നിരത്തിൽ ആളുകൾ കരുതലോടെ ചെറിയ പെരുന്നാൾ

കോഴിക്കോട്ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനും പ്രാർഥനകൾക്കും ശേഷം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ. കോവിഡ് മഹാമാരി ആഘോഷങ്ങളും ഒരുക്കങ്ങളും പകുതിയാക്കിയെങ്കിലും വീടുകളിൽ ഭക്ഷണമൊരുക്കിയും പ്രാർഥിച്ചും പുണ്യദിനത്തെ വരവേൽക്കുകയാണ്. പെരുന്നാൾ പ്രമാണിച്ച് അവശ്യസാധനങ്ങൾ വാങ്ങാനായി ബുധനാഴ്ച നിരത്തുകളിൽ താരതമ്യേന ചെറിയ തിരക്കനുഭവപ്പെട്ടു.
നഗര മേഖലകളേക്കാൾ ഉൾപ്രദേശങ്ങളിലാണ് കൂടുതലായും ആളുകൾ ഇറങ്ങിയത്. പൊലീസ് പരിശോധന കർശനമായതിനാൽ മാസ്ക്, സാമൂഹിക അകലം എന്നിവ പാലിച്ചിരുന്നു. നഗര മേഖലയിൽ സൂപ്പർ മാർക്കറ്റുകളും വലിയ സ്ഥാപനങ്ങളും സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തിയതിനാൽ കൂടുതൽ ആളുകൾ പുറത്തിറങ്ങിയില്ല. ഇറച്ചിക്കടകളിൽ തിരക്കൊഴിവാക്കാൻ രാത്രി 10 വരെ പ്രവർത്തനാനുമതി ഉണ്ടായിരുന്നു.
പുത്തൻ വസ്ത്രം, ചെരിപ്പ്, മൈലാഞ്ചി തുടങ്ങി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായതൊന്നും ലോക്ഡൗൺ ആയതിനാൽ കൂടുതൽ പേർക്കും വാങ്ങിക്കാനായിട്ടില്ല. പെരുന്നാൾ കരുതലിന്റെയും ആഘോഷമാവുകയാണ്. പല കുടുംബങ്ങളിലെയും ആളുകൾ രോഗികളായി ആശുപത്രിയിലും എഫ്എൽടിസികളിലുമാണെന്നത് പെരുന്നാൾ ദിനത്തിന്റെ തിളക്കം കുറയ്ക്കുന്നു. ആയിരക്കണക്കിനാളുകളാണ് പുറത്തിറങ്ങാനാവാതെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. അയൽവാസികളെയും ബന്ധുക്കളെയും സന്ദർശിക്കലും ആഘോഷത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്.
രോഗഭീതി വർധിച്ചതിനാൽ ഇത്തവണ ഇത്തരം സന്ദർശനങ്ങളൊന്നുമുണ്ടാവില്ല. അയൽവാസികളോ ബന്ധുക്കളോ സംഘടനകളോ എത്തിച്ചുകൊടുക്കുന്ന പെരുന്നാൾ ഭക്ഷണമാകും പല കുടുംബങ്ങൾക്കും ആശ്രയം.






