India

ജെഎന്‍യുവില്‍ എബിവിപിയുടെ ക്രൂര അക്രമം: യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല അടിച്ചുപൊട്ടിച്ചു

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപിയുടെ വ്യാപക അക്രമം. യൂണിയന്‍ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു. ഐഷിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ എബിവിപിക്കാര്‍ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. സെന്റര്‍ഫോര്‍ ലിന്‍ഗുസ്റ്റിക്‌സ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ സൂരിയുടെ തല തകര്‍ത്തു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു. സൂരിയെ എയിംസിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു.

ക്രിക്കറ്റ് സ്റ്റമ്പുകളും കമ്പുകളുമായി സംഘടിച്ചെത്തിയ എഴുപതോളം എബിവിപിക്കാരാണ് അക്രമം നടത്തിയത്. സംഭവമറിഞ്ഞ് കൂടുതല്‍ വിദ്യാര്‍ഥികള്‍ സംഘടിച്ച് പ്രതിരോധിച്ചതോടെ എബിവിപിക്കാര്‍ ക്യാമ്പസുവിട്ടുപോയി.

ഫീസ് വര്‍ധന പിന്‍വലിച്ച് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യുഎസ്യു മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് തിങ്കളാഴ്ച്ച മാര്‍ച്ച് നടത്തും. വിദ്യാര്‍ഥിനികളെയടക്കം തല്ലിച്ചതയ്ക്കുന്ന സര്‍വകലാശാല അധികൃതരുടെ നീക്കം ചോദ്യം ചെയ്താണ് മാര്‍ച്ച്.

ശനിയാഴ്ച സെക്യൂരിറ്റി ജീവനക്കാര്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

എബിവിപിക്കാരും ആര്‍എസ്എസ് അനുഭാവികളായ അധ്യാപകരും വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. ഫീസ് വര്‍ധന പിന്‍വലിക്കാന്‍ തയാറാകാതെ ഓണ്‍ലൈന്‍വഴി രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള ശ്രമം വിദ്യാര്‍ഥികള്‍ ചെറുത്തതോടെയാണ് സംഘടിത ആക്രമണങ്ങള്‍ തുടങ്ങിയത്.

Related Articles

Leave a Reply

Back to top button