പ്രവേശനോത്സവം; തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പ്രധാനാധ്യാപകരേയും പങ്കെടുപ്പിച്ച് ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു

തിരുവമ്പാടി : ജൂൺ ഒന്നിന് അധ്യയനവർഷം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പ്രധാനാധ്യാപകരേയും പങ്കെടുപ്പിച്ച് ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു.
വിദ്യാലയങ്ങളിലെ നിലവിലെ അവസ്ഥ, പൊതുവിഷയങ്ങൾ, സാധ്യതകൾ എന്നിവ ചർച്ച ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ക്ലാസുകൾ നടക്കുക. വീട് വിദ്യാലയം എന്ന സങ്കല്പത്തിലേക്ക് രക്ഷിതാക്കൾക്ക് ബോധവത്‌കരണം നൽകണം.
അധ്യാപക ക്ഷാമം, അധ്യാപകരുടെ കോവിഡ് ഡ്യൂട്ടി, ഇന്റർനെറ്റ് കവറേജ് എന്നിവ പ്രധാന പ്രശ്നമാണ്. മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി രൂപപ്പെടുത്തുന്നതിനായി ലോക് ഡൗണിന് ശേഷം പരിശീലനകളരിയും ശില്പശാലയും സംഘടിപ്പിക്കും. യോഗം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. ചാർജ് അബ്ബാസ്, യു.കെ. അബ്ദുൽ നാസർ, ശിവദാസൻ, ഷീബ, മെഹറലി, അഗസ്റ്റ്യൻ ജോർജ്, മുക്കം എ.ഇ.ഒ. ഓംകാരനാഥൻ എന്നിവർ പങ്കെടുത്തു.







