കട്ടിപ്പാറയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരെ മടക്കി അയച്ചു

താമരശ്ശേരി: ഓൺലൈൻ റജിസ്ട്രേഷൻ സൈറ്റായ കോവിൻ വഴി റജിസ്റ്ററ്റർ ചെയ്ത് സമയം അനുവദിച്ചു കിട്ടിയ ശേഷം കട്ടിപ്പാറ പി.എച്ച്.സി യിൽ വാക്സിൻ എടുക്കാൻ എത്തിയവരെയാണ് തിരിച്ചയച്ചത്. പലരും വിദൂര പ്രദേശങ്ങളിൽ നിന്നും എത്തിയവരായിരുന്നു. റജിസ്ട്രേഷന് ശേഷം കിട്ടിയ അപ്പോയിമെൻ്റ് റസീപ്റ്റിൽ ഇന്ന് രാവിലെ 9 മണിക്ക് വാക്സിൻ സ്വീകരിക്കാൻ കട്ടിപ്പാറ പി.എച്ച്.സി യിൽ എത്താനാണ് അറിയിപ്പു ലഭിച്ചത്.
ഒൻപതു മണിക്ക് തന്നെ വാക്സിൻ കേന്ദ്രത്തിൽ എത്തിയെങ്കിലും, വാക്സിൻ നൽകേണ്ടവർ 9.30 ഓടെയാണ് എത്തിയതെന്നും അപ്പോയ്മെമെൻറ് റസീപ്റ്റ് വാക്സിൻ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് നൽകിയപ്പോൾ അവരിൽ നിന്നും ലഭിച്ച മറുപടി തങ്ങളുടെ കൈവശമുള്ള ലിസ്റ്റിൽ നിങ്ങളുടെ പേരില്ലായെന്നും, അതിനാൽ വാക്സിൻ നൽകാൻ സാധിക്കില്ലയെന്നുമാണെന്ന് വാക്സിൻ സ്വീകരിക്കാൻ പോയി മടങ്ങേണ്ടിവന്ന അബ്ദുറഹ്മാൻ പറഞ്ഞു.
ഇത്തരത്തിൽ രാവിലെ പതിനൊന്നു മണിവരെ വാക്സിൻ എടുക്കാനെത്തിയ നിരവധി കുടുംബങ്ങൾ മടങ്ങിപോകേണ്ടതായി വന്നു. ആരോഗ്യ പ്രവർത്തകർക്ക് ബന്ധപ്പെട്ട വകുപ്പിൽ നിന്നും നൽകിയ പട്ടികയിലെ പിശകാണ് ആളുകളെ മടക്കി അയക്കാൻ കാരണമായതെന്നും വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനാൽ ഡി.എം.ഓഫീസിൽ നിന്നും പതിനൊന്നര മണിയോടെ പുതിയ പട്ടിക എത്തിച്ചെന്നും എന്നാൽ ആളുകൾ മടങ്ങി പോയതിനാൽ ഇവരുമായി ഫോണിൽ ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ വാക്സിൻ നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.





