തിരുവമ്പാടിയിലെ പൊതുശ്മശാനം : വിവാദം പുകയുന്നു; സമീപത്തെ മാലിന്യപ്ലാന്റ് മാറ്റണമെന്ന് ആവശ്യം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കാത്തതിനെതിരേയും ശ്മശാനത്തോട് ചേർന്ന് മാലിന്യപ്ലാന്റ് സ്ഥാപിച്ചതുമായും ബന്ധപ്പെട്ട വിവാദം പുകയുന്നു. മാലിന്യപ്ലാന്റ് പദ്ധതി ശ്മശാനത്തോടനുബന്ധിച്ചുതന്നെ തുടങ്ങിയത് മൃതദേഹങ്ങളോടുള്ള തികഞ്ഞ അനാദരവാണെന്ന് വിമർശനം ശക്തമായിരിക്കെ പ്ലാന്റ് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യമുയരുകയാണ്.
രാഷ്ട്രീയഭേദമെന്യേ വിവിധ സംഘടനകളാണ് പഞ്ചായത്ത് നടപടികളെ വിമർശിച്ച് രംഗത്തെത്തിയത്. പദ്ധതി ആവിഷ്‌കരിച്ചിട്ട് പത്തുവർഷത്തിലേറെയായിട്ടും പ്രാവർത്തികമാക്കാത്തതിന് കാരണം സമീപവാസികളായ ചിലരുടെ സമ്മർദത്തിന് വഴങ്ങിയതാണെന്നും പഞ്ചായത്തിൽ മാറിമാറിവന്ന ഇരുമുന്നണികളും ശ്മശാനകാര്യത്തിൽ ആർജവം കാണിച്ചിട്ടില്ലെന്നുമുള്ള ആരോപണം നിലനിൽക്കുകയാണ്.
ജനറേറ്റർ ഉൾപ്പെടെയുള്ള യന്ത്രസംവിധാനമൊരുക്കാതെയാണ് കഴിഞ്ഞ ഇടത് ഭരണസമിതി പദ്ധതി ഉദ്ഘാടനം ചെയ്തത്. പുതിയ ഭരണസമിതി വന്നതോടെ വീടുകളിൽനിന്നുള്ള മാലിന്യശേഖരണ പദ്ധതി നിലച്ചതും പ്രശ്നം സങ്കീർണമാക്കുകയാണ്. ഇതിനെതിരേ എൽ.ഡി.എഫ്. പ്രക്ഷോഭനീക്കത്തിലാണ്.







