കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും; മേയര്‍

കോഴിക്കോട്: നഗരത്തില്‍ മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ സമഗ്രമായ പഠനം നടത്തി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. വിശദമായ പഠനം നടത്തി പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സി ഡബ്ല്യു ആര്‍ ഡി എമ്മിനെ ചുമതലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മേയറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ പദ്ധതി നടപ്പാക്കുന്നതിന് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചു വരികയാണ്.
ഇതിന് മുന്നോടിയായാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ‘മിഷന്‍ ബ്രഹ്‌മപുത്ര’ എന്ന പേരിലുള്ള ഈ പദ്ധതി ഈ മഴക്കാലത്തും തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് നഗരസഭാ പരിധിയിലെ വെള്ളപ്പൊക്കം പരിഹരിക്കുന്നതിന് സമഗ്രമായ പഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. വിവിധ വകുപ്പുകളുടെ കീഴിലായി നടക്കുന്ന പദ്ധതികള്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഏകോപിപ്പിച്ച് നടത്തിയാല്‍ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവൂ എന്ന് യോഗം വിലയിരുത്തി. കല്ലായ് പുഴ, ചാലിയാര്‍ പുഴ, പൂനൂര്‍ പുഴ, കനോലി കനാല്‍, കോട്ടൂളി തണ്ണീര്‍ത്തടം തുടങ്ങിയവക്കായി ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടും സി ഡബ്ല്യു ആര്‍ ഡി എം മുമ്പ് നടത്തിയ വിശദമായ പഠനങ്ങളും മുന്‍നിര്‍ത്തി തയ്യാറാക്കുന്ന മാസ്റ്റര്‍പ്ലാന്‍ നിലവില്‍ വരുന്നതോടെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന ഡ്രെയിനേജ് നിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നടത്താന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.
മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഡോ. എസ് ജയശ്രീ ടീച്ചര്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി സി രാജന്‍, നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എസ് എസ് സജി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി രമേഷ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി ഉദയന്‍, സി ഡബ്ല്യു ആര്‍ ഡി എം ഉദ്യോഗസ്ഥരായ ഡോ. ഹരികുമാര്‍, ഡോ. ടി കെ ദൃശ്യ, മുന്‍ എം എല്‍ എ. എ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.






