കാട്ടാനകൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

താമരശ്ശേരി: അടിവാരം മേലെമരുതിലാവ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക, ഭക്ഷ്യ വിളകൾ നശിപ്പിച്ചു.അടുത്ത കാലത്തായി പലതവണ കാട്ടാന ശല്യമുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ നാശം വിതച്ചത് കഴിഞ്ഞ ദിവസമാണ്. വൈകീട്ട് ഏയരയോടെ സ്ഥലത്തെത്തിയ ആനകൾ നേരം പുലർന്നപ്പോഴും കൃഷിയിടങ്ങളിൽ തന്നെ നിലയുറപ്പിച്ചു.പ്രദേശവാസികളെ കാട്ടാനകളിൽ നിന്നും രക്ഷിക്കാനായി സ്ഥാപിച്ച വൈദ്യുത വേലിയടക്കം തകർത്താണ് ജനവാസ മേഖലയായ മേലെ മരുതിലാവിലെ കൊച്ച് അങ്ങാടിയിലടക്കം ആനകൾ നാശം വിതച്ചത്.
പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്, ചിലരുടെ വീടിൻ്റെ പിൻവശങ്ങളിലും ആനകൾ നിലയുറപ്പിച്ചിരുന്നു. പ്രദേശവാസിയായ കുഞ്ഞേട്ടൻ്റെ മത്സ്യം വളർത്തുന്ന കുളത്തിൽ അടക്കം ഇറങ്ങി കുളി നടത്തി കുളം തകർത്തു.കവുങ്ങ്, വാഴ, തെങ്ങ്, ചേന, ചേമ്പ്, കപ്പ തുടങ്ങിയവ കൃഷി ചെയ്ത 45 ഓളം കർഷകരുടെ കൃഷിയിടങ്ങളിലാണ് വിളയാടിയത്. പതനഞ്ചോളം കർഷകരുടെ ഏക്കറ കണക്കിന് സ്ഥലത്തെ വിളകൾ പൂർണമായും നശിപ്പിച്ചു.കർഷകർക്കുണ്ടായ നഷ്ടം പൂർണതോതിൽ കണക്കാക്കി വരുന്നതേയുള്ളൂ.വനപാലകർ പലതവണ ശ്രമിച്ചിട്ടും കാടിറങ്ങി വന്ന ആനകളെ തിരികെ കാട്ടിലേക്ക് അയക്കാൻ സാധിച്ചിട്ടില്ല. നിലവിൽ വനാതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ് ആനക്കൂട്ടം






