Thiruvambady

തിരുവമ്പാടി മാലിന്യസംസ്കരണ പ്ലാന്റിന് മൂന്നുവർഷമായിട്ടും വാട്ടർ അതോറിറ്റി കണക്‌ഷൻ നൽകിയിട്ടില്ല; കെ.കെ. ദിവാകരൻ

തിരുവമ്പാടി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ തുടങ്ങിയ സൂപ്പർ എം.ആർ.എഫ്.മാലിന്യസംസ്കരണ പ്ലാന്റിന് മൂന്നുവർഷമായിട്ടും വാട്ടർ കണക്‌ഷൻ നൽകാതെ വാട്ടർ അതോറിറ്റി. വാട്ടർ കണക്‌ഷനുവേണ്ടി 2017-’18 സാമ്പത്തികവർഷം 8.75 ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിറ്റി കൊടുവള്ളി ഓഫീസിൽ അടച്ചിരുന്നു. തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി, കട്ടിപ്പാറ, പുതുപ്പാടി, താമരശ്ശേരി, കോടഞ്ചേരി, കിഴക്കോത്ത്, മടവൂർ തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളിലെ അജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് ഒറ്റപ്പൊയിലിലാണ് പ്രവർത്തിക്കുന്നത്.

വാട്ടർഅതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരേ മുൻ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ദിവാകരൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ലിന്റോ ജോസഫ് എം.എൽ.എ., മലാപ്പറമ്പ് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിന് കീഴിൽ അൽഫോൻസ കോളേജിന് സമീപം ഉപയോഗശൂന്യമായിക്കിടക്കുന്ന ജലലഭ്യതയുള്ള കുഴൽക്കിണർ ഉണ്ടെന്നും ഇത് പ്രയോജനപ്പെടുത്തി പ്ലാന്റിലേക്ക് വെള്ളമെത്തിക്കാനാകുമെന്നും കെ.കെ. ദിവാകരൻ പറഞ്ഞു.

[ads1]

മാലിന്യസംസ്കരണകേന്ദ്രത്തിൽ വെള്ളമെത്തിക്കാൻ അടിയന്തരനടപടി വേണമെന്ന് വാട്ടർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അറിയിച്ചു. നിലവിൽ ലോറിയിലാണ് പ്ലാന്റിലേക്ക് ആവശ്യമായ വെള്ളമെത്തിക്കുന്നത്. പുതിയ കുഴൽക്കിണർ കുഴിക്കാൻ ആലോചനയുണ്ടെന്നും അവർ പറഞ്ഞു. പ്ലാന്റ് പരിസരത്തെ മാലിന്യക്കൂന്പാരം നീക്കംചെയ്യാൻ ക്ലീൻ കേരളയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതായും പ്രസിഡന്റ് അറിയിച്ചു.

അതേസമയം, എസ്റ്റിമേറ്റിൽ പറഞ്ഞപ്രകാരം ജോലികൾ തീർത്തിട്ടുണ്ടെന്നാണ് കൊടുവള്ളി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയറുടെ വിശദീകരണം. കുന്നിൻമുകളിൽ വെള്ളമെത്തിക്കാനുള്ള സാങ്കേതികപ്രയാസം നേരത്തേ പഞ്ചായത്തിനെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഏതാനും അകലത്തിൽ താഴെ ജലലഭ്യത ഒരുക്കിയിട്ടുണ്ട്. കണക്‌ഷൻ എടുക്കേണ്ട പണിയേ ബാക്കിയുള്ളൂ. പദ്ധതി പ്രദേശത്തേക്ക് വെള്ളമെത്താത്ത സാങ്കേതികത്വം പരിശോധിക്കുമെന്നും പുതിയ എസ്റ്റിമേറ്റ് ലഭിച്ചാൽ ശേഷിച്ച തുക ഉപയോഗിച്ചുതന്നെ ഇതുൾപ്പെടെയുള്ള പണികൾ നടത്താനാകുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button