Mukkam

മുക്കം നഗരസൗന്ദര്യവത്കരണം : വ്യാപാരികളുടെ ആശങ്ക പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

മുക്കം : നഗരസൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള ആശങ്ക അറിയിച്ച് വ്യാപാരി നേതാക്കൾ ലിന്റോ ജോസഫ് എം.എൽ.എ., നഗരസഭാ ചെയർമാൻ പി.ടി. ബാബു എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ ജി. ബിജു, ഓവർസിയർ ജിമീഷ് എന്നിവർ മുക്കത്തെത്തിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ.സി. നൗഷാദ്, സിദ്ധീഖ് ഫർണിച്ചർലാൻഡ്‌, പി.പി. ലായിക്കലി, ടി.പി. സാദിഖ്, വ്യാപാരി വ്യവസായി സമിതി നേതാക്കളായ കെ.എം. കുഞ്ഞവറാൻ, ശശി തീരം, ജയ്സൺ എന്നിവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റോഡ് സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ടുതന്നെ വ്യാപാരികളുടെ പ്രശ്നങ്ങൾ പരമാവധി പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പറഞ്ഞു.

നിലവിൽ ആലിൻ ചുവട്ടിൽ നടക്കുന്ന ഓവുചാൽ നവീകരണ പ്രവൃത്തിയിൽ ഒരടിയിലധികം ഉയരത്തിലാണ് പണി നടക്കുന്നത്. റോഡ് പ്രവൃത്തികൂടി പൂർത്തിയാവുമ്പോൾ റോഡിൽനിന്ന് പല വ്യാപാര സ്ഥാപനങ്ങളും മുന്നടിയോളം താഴ്ന്നുനിൽക്കും. ഇത് വ്യാപാരികളെ സംബധിച്ച് വലിയ പ്രതിസന്ധിയുമാകും. ഈ സാഹചര്യത്തിലാണ് വ്യാപാരികൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നത്.

Related Articles

Leave a Reply

Back to top button