ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിക്കും; പി.എ. മുഹമ്മദ് റിയാസ്

മുക്കം : സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതുപക്ഷം കേരളം ഭരിച്ചത് കൊണ്ടാണ് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയതെന്നും കുടിശ്ശികയില്ലാതെ വിതരണം ചെയ്തതും.
1980നു ശേഷം മാറിമാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ കാലത്ത് നടപ്പാക്കിയ ക്ഷേമപെൻഷൻ വർധനയും വിതരണവും പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മുക്കം നഗരസഭാ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് ദേശീയ പാതയും മലയോര ഹൈവേയും, വിഴിഞ്ഞം തുറമുഖവും തുരങ്കപാതയുമെല്ലാം യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗസ്ത്യൻമുഴിയിൽ നിന്നാരംഭിച്ച തിരഞ്ഞെടുപ്പ് റാലി നഗരംചുറ്റി സ്റ്റാർ ഹോട്ടലിന് സമീപത്തെ മൈതാനത്ത് സമാപിച്ചു. കെ.മോഹനൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.വിശ്വനാഥൻ, ദീപു പ്രേംനാഥ്, കെ.ടി.ശ്രീധരൻ, പി.ടി. ബാബു, കെ.ടി. ബിനു, കെ.പി. ചാന്ദ്നി, ടാർസൺ ജോസ് തുടങ്ങിയവർ സംസാരിച്ചു.







