തിരുവമ്പാടിയിൽ പോര് ബലാബലം

തിരുവമ്പാടി : പ്രകൃതിയോടും വന്യമൃഗങ്ങളോടും മഹാമാരികളോടും ഒരേസമയം പടപൊരുതി മണ്ണിൽ പൊന്നുവിളയിച്ചവരാണ് കുടിയേറ്റ ജനത. വിയർപ്പ് നീരാക്കി മണ്ണിൽ കഠിനാധ്വാനം ചെയ്ത് കാർഷിക സമ്പദ്‌സമൃദ്ധിക്ക് നൂതന അധ്യായം രചിച്ചവർ. വന്യമൃഗശല്യം, ഉത്പന്നങ്ങളുടെ വിലയിടിവ്, രോഗബാധ തുടങ്ങിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ് ഇന്ന് കുടിയേറ്റജനത. തങ്ങളൊടൊപ്പം നിലകൊള്ളുന്നവരെ ജയിപ്പിക്കുകയെന്ന രാഷ്ടീയത്തിനപ്പുറം കുടിയേറ്റ ജനതയ്ക്ക് തിരഞ്ഞെടുപ്പുകാലം അത്ര വൈകാരികാനുഭവമല്ല. ഇരുമുന്നണികളും മാറിമാറി ഭരിക്കുന്ന ചരിത്രമാണ് തിരുവമ്പാടി പഞ്ചായത്തിന് പറയാനുള്ളത്.
യുഡിഎഫിൽനിന്ന് ഭരണം പിടിച്ചെടുക്കാൻ ഇക്കുറി പതിനെട്ടടവും പയറ്റിയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. മുസ്‌ലിം ലീഗ് വിമതരെ കൂട്ടുപിടിച്ചതാണ് അതിൽശ്രദ്ധേയം. ഗ്രാമപ്പഞ്ചായത്തിലേക്ക് രണ്ടുവാർഡുകളിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഉൾപ്പെടെ മൂന്നുസീറ്റുകളിലേക്ക് ലീഗ് വിമത സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് എൽഡിഎഫ്. കഴിഞ്ഞ അഞ്ചുവർഷമായി വിവിധ ആരോപണങ്ങളുമായി പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ലീഗ് വിമത കൂട്ടായ്മയെ പിന്തുണയ്ക്കുന്ന രാഷ്ടീയ അടവുനയം എത്രത്തോളം ഫലിക്കുമെന്നത് കണ്ടറിയണം. ഇടതുപക്ഷത്തിന് വലിയ സ്വാധീനമില്ലാത്ത കറ്റിയാട് വാർഡിൽ ആം ആംദ്മി പാർട്ടി സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ്തന്ത്രവും ചർച്ചയാണ്. ആം ആദ്മി പാർട്ടിക്ക് വേരോട്ടമുള്ള വാർഡാണിത്.
ലീഗിലെ പിളർപ്പിന് പുറമേ പുന്നക്കൽ വാർഡിലെ കോൺഗ്രസ് വിമതസ്ഥാനാർഥിയുടെ സജീവ സാനിധ്യമാണ് യുഡിഎഫിന് തലവേദനയാകുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ പല്ലാട്ട് മുന്നണി ഔദ്യോഗിക സ്ഥാനാർഥി ടോമി കൊന്നക്കലിന് വലിയ വെല്ലുവിളിയാണുയർത്തുന്നത്. ബ്ലോക്ക് തിരുവമ്പാടി ഡിവിഷൻ സ്ഥാനാർഥി നിർണയവും കോൺഗ്രസിൽ പടലപ്പിണക്കമുയർത്തിയിരുന്നു. പ്രസിഡന്റ് പദവി ജനറൽ ആയതോടെ ഇരുമുന്നണികളിലും പ്രബലർ മത്സരരംഗത്തുണ്ട്. സിപിഎമ്മിൽ പ്രസിഡന്റ് സ്ഥാനാർഥിയായി സഹകരണബാങ്ക് പ്രസിഡന്റ് ജോസ് മാത്യു പുല്ലൂരാംപാറയിൽനിന്ന് ജനവിധി തേടുന്നു. കോൺഗ്രസിൽ മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ മുത്തപ്പൻപുഴ വാർഡിലും, ജില്ലാപഞ്ചായത്തംഗം ബോസ് ജേക്കബ് ഒറ്റപ്പൊയിൽ വാർഡിലും മത്സരിക്കുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, ഭരണകക്ഷിമെമ്പർമാരായ മേഴ്സി പുളിക്കാട്ട്, ഷൗക്കത്തലി കൊല്ലളത്തിൽ എന്നിവർ വീണ്ടു ജനവിധി തേടുന്നു.
എൽഡിഎഫിൽ നിലവിലെ മെമ്പർമാരാരുംതന്നെ ഇക്കുറി മത്സരരംഗത്തില്ല. ലീഗിൽനിന്നു പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്‌മാനാകട്ടെ ഇടതുമുന്നണിക്കൊപ്പം പ്രചാരണരംഗത്ത് സജീവവും. ബിജെപിയും സജീവമായി രംഗത്തുണ്ട്. തൊണ്ടിമ്മൽ, തമ്പലമണ്ണ, പൊന്നാങ്കയം, ഉറുമി, കാവുങ്കല്ലേൽ എന്നിവിടങ്ങളിലാണ് ബിജെപിക്കു വേരോട്ടം.







