Mukkam

പുതുക്കിപ്പണിത കോട്ടമുഴി പാലം വീണ്ടും അപകടഭീഷണിയിൽ; സമീപന റോഡിൽ ഗർത്തവും വിള്ളലുകളും

മുക്കം: അടുത്തിടെ പുതുക്കിപ്പണിത കൊടിയത്തൂർ കോട്ടമുഴി പാലം വീണ്ടും അപകട ഭീഷണിയിലായി. പാലത്തിന്റെ സമീപന റോഡിലെ പാർശ്വഭിത്തിക്ക് സമീപം വെള്ളപ്പൊക്കത്തെ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടതോടെയാണ് ആശങ്ക ഉയർന്നത്.

മണ്ണ് ഒലിച്ചുപോയതിനെ തുടർന്ന് പാർശ്വഭിത്തിക്കടിയിലെ കല്ലുകൾ താഴ്ന്ന നിലയിലാണ്. പാലത്തിന് സമീപത്തെ തോടിനോട് ചേർന്ന് നിർമിച്ച സംരക്ഷണഭിത്തിയുടെ അരികിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. സമീപന റോഡിൽ പുഴയുടെ ഭാഗത്തായി വിള്ളലുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലും സംരക്ഷണഭിത്തി തകരാനുമുള്ള സാധ്യത നിലനിൽക്കുന്നതായി പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചു.

നിർമാണഘട്ടത്തിൽ തന്നെ പാലത്തിന്റെ സമീപന റോഡ് പലതവണ തകർന്നത് വലിയ വിവാദമായിരുന്നു. ഒരു ഘട്ടത്തിൽ ഏകദേശം 100 മീറ്ററോളം റോഡ് പുഴയിലേക്ക് പതിച്ച സംഭവവുമുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

സ്കൂൾ ബസുകളുൾപ്പെടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ദിവസേന ഈ പാലം വഴിയാണ് സഞ്ചരിക്കുന്നത്. അതിനാൽ അപകട സാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിച്ച് സ്ഥിരപരിഹാരം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, പ്രശ്നത്തിന് ഉടൻ ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് യു.എൽ.സി.സി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button