Thiruvambady

വനം-മരം കൊള്ള വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് യു ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ധർണ്ണ നടത്തി

തിരുവമ്പാടി: വയനാട് മുട്ടിൽ ഉൾപ്പെടെ എട്ടു ജില്ലകളിലായി നടന്ന വമ്പിച്ച വനംകൊള്ളയിൽ 600 കോടിയുടെയെങ്കിലും അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി ഇപ്പോൾ നടത്തുന്ന അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് തിരുവമ്പാടി പഞ്ചായത്ത് യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലുരാംപാറയിൽ ധർണ്ണ സംഘടിപ്പിച്ചു. റവന്യൂ-വനം വകുപ്പ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും വനം കൊള്ളയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണമല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും കുറ്റവാളികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ കേരളം വമ്പിച്ച ബഹുജന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

പുല്ലുരാംപാറ ടൗണിൽ നടന്ന യു ഡി എഫ് ധർണ്ണ ഡി സി സി ജന:സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ടി ജെ കുര്യാച്ചന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണസമരത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജോസ് പുളിക്കാട്ട്, സോമി വെട്ടുകാട്ട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button