ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടലുകളിൽ പരിശോധന കർശനമാക്കി

കോഴിക്കോട്: ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയുടെ ഭാഗമായി നടപടിയെടുത്തത് 35 ഹോട്ടലുകൾക്കെതിരെ. ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥികൾക്കു ഹോട്ടലിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റതിന്റെ പശ്ചാത്തലത്തിലാണു പരിശോധന കർശനമാക്കിയത്. ആകെ 105 ഹോട്ടലുകളിൽ പരിശോധന നടത്തി. 14 സ്ഥാപനങ്ങളിൽ നിന്നു പിഴയീടാക്കി. പാചകം ചെയ്യുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 11 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി.
ചെറിയ പിഴവുകൾ കണ്ടെത്തിയ 10 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കാൻ നോട്ടിസ് നൽകി. ആശുപത്രി കന്റീനുകളിലുൾപ്പെടെ പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നു വിപണിയിലെത്തുന്ന 5 കമ്പനികളുടെ പാൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3 സ്ക്വാഡുകൾ രൂപീകരിച്ചാണു ജില്ലയിൽ പരിശോധന നടത്തിയത്.
ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മോശം മത്സ്യം എത്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു നടത്തിയ പരിശോധനകളിൽ 45 കിലോഗ്രാം മത്സ്യം മൊകേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ നശിപ്പിച്ചു. വരുന്ന ആഴ്ചകളിലും പരിശോധന തുടരുമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ടി. ബേബിച്ചൻ പറഞ്ഞു.
ഹോട്ടലുകൾക്കുള്ള നിർദേശങ്ങൾ
∙ മത്സ്യ, മാംസ ഉൽപന്നങ്ങൾ മൈനസ് 18 ഡിഗ്രിയിൽ സൂക്ഷിക്കണം.
∙ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കൾ ഒരേ ഫ്രീസറിൽ സൂക്ഷിക്കരുത്.
∙ പാകം ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറം ചേർക്കാൻ പാടില്ല.
∙ എലി, പാറ്റ തുടങ്ങിയവയുടെ സാന്നിധ്യം ഇല്ലാതാക്കാൻ സ്ഥാപനം പെസ്റ്റ് പ്രൂഫ് ചെയ്യണം.
∙ പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ 2 മണിക്കൂറിൽ കൂടുതൽ സാധാരണ താപനിലയിൽ സൂക്ഷിക്കാൻ പാടില്ല. അതിനുശേഷം കൃത്യമായി സീൽ ചെയ്തു ഫ്രീസറിലേക്കു മാറ്റണം.
∙ ഫ്രീസറിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ ചൂടാക്കിയ ശേഷം മാത്രം പുനരുപയോഗിക്കുക.
∙ തുറസ്സായ സ്ഥലത്തു ഷവർമ പാകം ചെയ്യരുത്. പൊടിപടലങ്ങൾ കയറാത്ത രീതിയിൽ മാത്രം സ്റ്റാൻഡ് ഉപയോഗിക്കുക.






