പെട്രോൾ പമ്പിൽ മോഷണം; കവർന്നത് 10,000 രൂപയും മൊബൈൽ ഫോണും

മുക്കം ∙ മേഖലയിൽ മോഷണം വ്യാപകമായി. തോട്ടുമുക്കം പെട്രോൾ പമ്പിലാണ് ഏറ്റവും ഒടുവിൽ മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ 1നും 2.30നും ഇടയിലാണ് മോഷ്ടാവ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 10,000 രൂപയും മൊബൈൽ ഫോണും ആണ് അപഹരിച്ചത്. ഉടമ പണം വീട്ടിലേക്കു കൊണ്ടുപോയതിനാൽ കൂടുതൽ നഷ്ടം സംഭവിച്ചില്ല. പൊടി തട്ടാനുപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് സിസിടിവി ക്യാമറകൾ മറയ്ക്കാനും മോഷ്ടാവ് ശ്രമം നടത്തി.
സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഗ്ലാസ് ഡോർ തകർത്താണ് അകത്തു പ്രവേശിച്ചത്. ഡിജിറ്റൽ വിഡിയോ റിക്കോർഡർ തകർത്തു. പമ്പ് തുറക്കാൻ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എസ്ഐ സജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
2 ദിവസം മുമ്പ് ഓർഫനേജ് റോഡിലെ മൊബൈൽ ഷോപ്പിലും മോഷണ ശ്രമം നടന്നു. നെല്ലിക്കാപറമ്പിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു. ചെറുവാടി, ചോണാട് ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മോഷണ ശ്രമങ്ങൾ നടന്നു.






