വിസ വാഗദാനം ചെയ്ത് തട്ടിപ്പ്; മുക്കത്ത് ഒളിവിലായിരുന്ന ആലപ്പുഴ സ്വദേശി പിടിയില്‍

മുക്കം: വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയ കേസില്‍ മുക്കത്ത് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശി റോണി തോമസ്(40) ആണ് പിടിയിലായത്. കോട്ടയം ഗാന്ധിനഗര്‍ പോലീസ് മുക്കത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഗാന്ധിനഗര്‍ സ്വദേശി റോയിയുടെ മകന്റെ ഭാര്യക്ക് കുവൈത്തില്‍ വിസ വാഗ്ദാനംചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. സമാനമായ രീതിയില്‍ റാന്നിയിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം സ്വദേശിനിയായ സ്ത്രീയ്ക്കൊപ്പമാണ് ഇയാള്‍ മുക്കം വെസ്റ്റ് മാമ്പറ്റയിലെ വാടകവീട്ടില്‍ താമസിച്ചിരുന്നത്.
താന്‍ പ്രവാസിയായിരുന്നെന്നും കൂടെയുള്ള സ്ത്രീ സ്വന്തം ഭാര്യയാണെന്നുമാണ് ഇയാള്‍ അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യുകയായിരുന്നു. നാലുമാസത്തോളം ഇവിടെ വാടകക്ക് താമസിച്ചിരുന്ന പ്രതി അയല്‍വാസികളുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. ചങ്ങനാശ്ശേരിയിലും മറ്റും ഒളിവില്‍ കഴിഞ്ഞശേഷമാണ് ഇയാള്‍ മുക്കത്തെത്തിയത്. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എഫ് എല്‍ ടി സിയിലേക്ക് മാറ്റിയതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ഗാന്ധിനഗര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ. അരവിന്ദ് കുമാര്‍, എ എസ് ഐ. രാജേഷ് ഖന്ന, സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.







