Kerala

നെറ്റിപ്പട്ടം നേരെയാക്കുന്നതിനിടെ പ്രകോപിതനായി; തൃശ്ശൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഒന്നാം പാപ്പാനെ കൊലപ്പെടുത്തി

ഇരിങ്ങാലക്കുട: തൃശ്ശൂർ കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി. ഗുരുവായൂർ ദേവസ്വത്തിലെ ഒന്നാം പാപ്പാൻ പാലക്കാട് സിഎൻപുരം വലിയപാടം സ്വദേശി നന്ദൻ (42) ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. വൈകിട്ട് നാലരയ്ക്ക് എഴുന്നള്ളിപ്പിനിടെയാണ് നടപ്പുരയിൽ വെച്ച് ഗുരുവായൂർ ശ്രീകൃഷ്ണൻ എന്ന ആന ഇടഞ്ഞത്.

ആനയെ എഴുന്നള്ളിപ്പിനു നിരത്തിയതിനിടെ പാപ്പാൻ നെറ്റിപ്പട്ടം നേരെയാക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് ആനയെ പ്രകോപിപ്പിച്ചത്. തട്ടിയിട്ട പാപ്പാനെ കുത്താൻ ശ്രമിച്ചെങ്കിലും കൊമ്പുകൾക്ക് ഇടയിൽ കുടുങ്ങി കുത്തിൽ നിന്നും പാപ്പാൻ രക്ഷപ്പെട്ടിരുന്നു. എന്നാൽ, പാപ്പാനെ കുടഞ്ഞിട്ട് തട്ടി മാറ്റി ആന ഓടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടഞ്ഞു പുറത്തേക്ക് ഓടിയ ആന സമീപത്തെ പറമ്പിലെ വാഴയും മറ്റും കുത്തിമറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വൈകീട്ട് ആറോടെ എലഫന്റ് സ്‌ക്വാഡ് ആനയെ സ്വകാര്യപറമ്പിൽ തളയ്ക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button