കണ്ടെയ്നർ കപ്പൽ തുറമുഖത്ത്; 42 കണ്ടെയ്നറുകളുമായി എത്തിയത് എംവി ഹോപ് സെവൻ

ബേപ്പൂർ ∙ ജലഗതാഗതം വഴി മലബാറിലേക്കുള്ള ചരക്കുനീക്കത്തിന്റെ സാധ്യതകൾ തുറന്നുകാട്ടി സർവീസ് തുടങ്ങിയ കണ്ടെയ്നർ കപ്പൽ തുറമുഖത്ത് അടുപ്പിച്ചു. 42 കണ്ടെയ്നറുകളുമായി എംവി ഹോപ് സെവൻ (ചൗഗുളെ–8) എന്ന കപ്പലാണ് രാവിലെ 6.15നു ബേപ്പൂരിൽ എത്തിയത്. ജില്ലയിലെ വ്യാപാരികൾക്കുള്ള സിമന്റ്, ടൈൽ, മാർബിൾ, കയർ, ടയർ തുടങ്ങിയ ചരക്കുകളാണു കണ്ടെയ്നറുകളിൽ. ഉച്ചയോടെ ഹാൻഡ്‌ലിങ് ക്രെയിൻ ഉപയോഗിച്ചു തുറമുഖ വാർഫിൽ ഇറക്കിയ കണ്ടെയ്നറുകൾ ലോറികളിൽ വിവിധ സ്ഥാപനങ്ങളിലേക്കു കൊണ്ടുപോകും.
ദുബായ് ജെബൽ അലി തുറമുഖത്തേക്കു കോഴിക്കോടൻ മധുരപലഹാരങ്ങളുടെ ഒരു കണ്ടെയ്നറും സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തേക്കുള്ള ഒരു കണ്ടെയ്നർ ചെരിപ്പും കയറ്റി ഇന്നു ഉച്ചയോടെ അഴീക്കൽ തുറമുഖത്തേക്കു പുറപ്പെടും. കൊച്ചി–ബേപ്പൂർ–അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചു തുടങ്ങിയ ഹരിത ചരക്ക് ഇടനാഴിയിലാണു വാണിജ്യാടിസ്ഥാനത്തിലുള്ള കപ്പൽ സർവീസ്. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വലിയ കപ്പലുകളിൽ കൊച്ചിയിൽ എത്തിക്കുന്ന കണ്ടെയ്നറുകൾ മൈനർ തുറമുഖങ്ങളിൽ എത്തിക്കാൻ ആവിഷ്കരിച്ച പദ്ധതിയാണിത്.
മുംബൈ ആസ്ഥാനമായ ജെഎം ബക്സി ഗ്രൂപ്പിനു കീഴിലെ റൗണ്ട് ദി കോസ്റ്റ് കമ്പനി നേതൃത്വത്തിലാണു സർവീസ്. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ബേപ്പൂർ തുറമുഖത്തു കണ്ടെയ്നർ ചരക്കുനീക്കം പുനരാരംഭിക്കുന്നത്. 2018ൽ എംവി കരുതൽ ചരക്കു കപ്പൽ തുറമുഖം വിട്ട ശേഷം ഇന്നലെ കണ്ടെയ്നറുമായി എത്തിയ കപ്പലിനെ പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഏബ്രഹാം വി.കുര്യാക്കോസിന്റെ നേതൃത്വത്തിൽ വരവേറ്റു. സർവീസ് വിജയകരമായാൽ ചരക്ക് ഇറക്കുമതി ചെയ്യുന്നതിനൊപ്പം തുറമുഖം വഴി ഓയിൽ, ചെരിപ്പ്, വെളിച്ചെണ്ണ, വിവിധ മെഷീനറികൾ എന്നിവ വൻതോതിൽ കയറ്റി അയയ്ക്കാനും വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് വ്യാപാര സമൂഹം.







