ട്രൈബൽ ഹോസ്റ്റലുകൾ തുറക്കാൻ ബാലാവകാശ കമ്മിഷൻ നിർദേശം

തിരുവമ്പാടി ∙ കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. പട്ടികജാതി വർഗ വികസന വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്കാണ് ബാലാവകാശ കമ്മിഷൻ അംഗങ്ങളായ കെ.നസീർ, ബി.ബബിത എന്നിവർ നിർദേശം നൽകിയത്. മാതാപിതാക്കളുടെ അകാല മരണത്തെ തുടർന്ന് അനാഥരായ കുട്ടികളുള്ള ആനക്കാംപൊയിൽ ഓടപ്പൊയിൽ കോളനി കഴിഞ്ഞ മാസം ബാലാവകാശ കമ്മിഷൻ സന്ദർശിച്ചിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങളിലാണ് ഹോസ്റ്റൽ തുറക്കുന്ന കാര്യം സൂചിപ്പിക്കുന്നത്.
ട്രൈബൽ ഹോസ്റ്റലുകളിൽ ആയിരുന്ന ആദിവാസി കുട്ടികൾ സ്വന്തം കോളനികളിലേക്കു തിരികെ വന്നു. കമ്മിഷൻ സന്ദർശിച്ച കോളനികളിൽ കുട്ടികൾക്ക് പഠിക്കാനുള്ള ഭൗതിക സാഹചര്യം ഇല്ല എന്ന് കണ്ടെത്തി. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തതിനാൽ പലർക്കും ഓൺലൈൻ പഠനം സാധ്യമാകുന്നില്ല.ആദിവാസി കുട്ടികൾക്ക് പ്രത്യേക പരിഗണനയും സൗകര്യവും ഉണ്ടാകണമെങ്കിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഹോസ്റ്റലുകൾ തുറക്കണം.
ഓടപ്പൊയിൽ കോളനിയിൽ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ 6 പെൺകുട്ടികളെ മാറ്റി പാർപ്പിക്കാൻ കമ്മിഷൻ നേരത്തേ ഉത്തരവ് ഇട്ടിരുന്നു. തുടർന്ന് കുട്ടികളെ ഏറ്റെടുക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകർ വാഹനവുമായി എത്തിയെങ്കിലും കുട്ടികൾ പോകാൻ തയാറായില്ല.







