പെരുന്നാൾ ദിനത്തിൽ പ്രതിഭ – പ്രവാസി സംഗമം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

കൊടിയത്തൂർ : വെൽഫെയർ പാർട്ടി കൊടിയത്തൂർ ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ മികച്ച പ്ലസ്റ്റു, എസ്.എസ്.എൽ.സി വിജയികളെ ആദരിക്കലും ബലി പെരുന്നാളിന് നാട്ടിലെത്തിയിട്ടുള്ള പ്രവാസികളുടെ സംഗമവും നടത്തിയത് ഏറെ ശ്രദ്ധേയമായി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന പരിപാടി ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മികവ് പുലർത്തുന്നവരെ പ്രോൽസാഹിപ്പിക്കലും അവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കലും സമൂഹത്തിന്റെ ബാധ്യതയാണെന്നും വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡിന്റെ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലെ വിദ്യാഭ്യാസ – സാംസ്കാരിക മേഖലകളിൽ പ്രവാസി കൂട്ടായ്മകളുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും കൊടിയത്തൂർ ഏരിയാ സർവ്വീസ് ഫോറം ഖത്തർ ഭാരവാഹി എം.എ മുഹമ്മദ് അമീൻ അഭിപ്രായപ്പെട്ടു.
പ്രവാസി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ വാർഡ് പ്രസിഡന്റ് ജാഫർ പുതുക്കുടി അധ്യക്ഷ്ത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ടി ഹമീദ്, സെക്രട്ടറി റഫീഖ് കുറ്റിയോട്ട് , സി.കെ സുഹൈൽ (ദുബൈ), നബീൽ പി.വി, ഫൈസൽ എ.പി (ഖത്തർ ) എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുല്ല മാസ്റ്റർ സ്വാഗതവും ട്രഷറർ പി.വി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. വി.കെ സത്താർ, പി.പി അഷ്റഫ്, കെ അമീൻ, സി.കെ കരീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







