Thiruvambady

ചെന്ന്യാമ്പാറ തൂക്കുപാലം തകർന്നിട്ട് 2 വർഷം

തിരുവമ്പാടി :കൊടക്കാട്ടുപാറ വാർഡ് കെപി എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്നിട്ട് 2 വർഷം. നന്നാക്കുന്നതിനു നടപടി സ്വീകരിക്കാത്തതിനാൽ തൊഴിലാളികളും ആദിവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാരും യാത്രാ ദുരിതം അനുഭവിക്കുന്നു.

2023 മേയ് 30ന് ആണു തൂക്കുപാലം തകർന്ന് ഒരു കുടുംബത്തിലെ 3 പേർക്കു പരുക്കേറ്റത്. പരുക്കേറ്റ വീട്ടമ്മ ഇപ്പോഴും ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ഒരു നടപടിയും സ്വീകരിക്കാത്ത അധികൃതർക്ക് എതിരെ കുടുംബം കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. 2013ൽ ആണ് ഈ തൂക്കുപാലം നിർമിച്ചത്. 40 മീറ്റർ ദൂരമുള്ള തൂക്കുപാലം പ്രദേശവാസികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. 2022 ജൂണിൽ തൂക്കുപാലം അപകടത്തിലായതോടെ അടച്ചിട്ടു.

പിന്നീട് ഒന്നര ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തി തൂക്കുപാലം ഗതാഗതത്തിനു തുറന്നു കൊടുത്തു. അധികം താമസിയാതെ തൂക്കുപാലം വീണ്ടും അപകടത്തിലായി. കൊളുത്തു തകർന്നു പാലത്തിലെ ഇരുമ്പ് കമ്പി ചെരിഞ്ഞതോടെ യാത്രക്കാർ പുഴയിലെ പാറക്കെട്ടിൽ വീഴുകയായിരുന്നു. തൂക്കുപാലത്തിൽ അറ്റകുറ്റപ്പണി നടത്തിയപ്പോൾ ശ്രദ്ധയിൽ പെടാത്ത ഭാഗമാണ് പൊട്ടിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തൂക്കുപാലം അപകടത്തിലായതോടെ മറുകര എത്താൻ മഴക്കാലം അല്ലാത്തപ്പോൾ പുഴ ഇറങ്ങി കടക്കുകയാണ് ജനങ്ങൾ. മഴക്കാലത്ത് അതിനും കഴിയില്ല.

Related Articles

Leave a Reply

Back to top button