Karassery

നാട്ടിൽ അനധികൃത മദ്യവിൽപ്പന വ്യാപകം

കാരശ്ശേരി: തെരുവിലിറങ്ങി പരസ്യമായി മദ്യപിച്ചും വിൽപ്പന നടത്തിയും വീട്ടമ്മമാരുടെ പ്രതിഷേധം. നാട്ടിലെ മദ്യപരുടെയും അനധികൃത മദ്യവിൽപ്പനക്കാരുടെയും ശല്യം അത്രമേൽ അസഹ്യമായതോടെയാണ് ഈ കുടുംബിനികൾ അറ്റകൈ പ്രയോഗവുമായി രംഗത്തിറങ്ങിയത്.

കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുപറ്റം വീട്ടമ്മമാർ ഈ മദ്യസേവ-വിൽപ്പന പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തോട്ടക്കാട് പ്രദേശത്തെ അനധികൃത മദ്യവിൽപ്പനയ്ക്കും മദ്യപരുടെ ശല്യത്തിനുമെതിരേ പോലീസും എക്സൈസും കണ്ണടയ്ക്കുന്നു എന്ന ബാനറും പ്രദർശിപ്പിച്ചാണ് നാട് നേരിടുന്ന സാമൂഹികതിന്മയ്ക്കെതിരേ വീട്ടമ്മമാർ അങ്കംകുറിച്ചത്.

വിദേശമദ്യവും വ്യാജചാരായവും വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടക്കുന്നുണ്ടെന്നും നാട്ടിലുള്ളവർക്ക് പുറമേ അയൽനാടുകളിൽനിന്ന്‌ ധാരാളം മദ്യപർ എത്തുന്നുണ്ടെന്നും സമരക്കാർ പറയുന്നു. മദ്യപരുടെ ശല്യംകാരണം സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിയാത്തസ്ഥിതിയാണ്. കൂലിപ്പണിക്കുപോയി വരുന്ന പുരുഷന്മാർ കിട്ടുന്ന പൈസയ്ക്ക് മദ്യംകഴിച്ചെത്തുന്നതോടെ കുടുംബജീവിതം താളംതെറ്റുകയും ദുരിതത്തിലാവുകയും ചെയ്യുകയാണ്. വീട്ടമ്മമാരാണ് ഇതിന്റെ എല്ലാ ശാപവും ദുരിതവും ഏറ്റുവാങ്ങുന്നതെന്നും സമരക്കാർ നാട്ടുകാർക്കുമുൻപിൽ വിവരിച്ചു.

പാവപ്പെട്ടവർ താമസിക്കുന്ന മേഖലയാണ് തോട്ടക്കാട്. പലതവണ തെളിവുസഹിതം അധികൃതരെ വ്യാജമദ്യവിൽപ്പന സംബന്ധിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വിൽപ്പന വ്യാപകമായി നടക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഇനി പുരുഷന്മാരെപ്പോലെ തങ്ങളും മദ്യപാനവും മദ്യവിൽപ്പനയും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചത്തെ സമരം പ്രതീകാത്മക സൂചനാസമരം ആണെന്നും നടപടിയെടുക്കാത്തപക്ഷം കൂടുതൽ ശക്തമായ സമരരീതിയുമായി രംഗത്തിറങ്ങുമെന്നും വീട്ടമ്മമാർ മുന്നറിയിപ്പു നൽകി.

Related Articles

Leave a Reply

Back to top button