Karassery

അങ്കംകഴിഞ്ഞപ്പോൾ ഇടതും വലതും കൈകോർത്തു

കാരശ്ശേരി : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ രണ്ടുമുന്നണികളായി വേർതിരിഞ്ഞ് അങ്കംകുറിച്ച് വീറുംവാശിയും ഒട്ടും ചോർന്നുപോകാതെ വ്യാഴാഴ്ച ആറുമണിവരെ അവർ പോരാടുകയായിരുന്നു. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞ് ബാലറ്റുപെട്ടികൾ പൂട്ടിയ നിമിഷംമുതൽ അവർ ഒരു ശരീരത്തിലെ ഇടംകൈയും വലംകൈയും പോലെ ചേർന്നുനിന്ന് ഐക്യകാഹളം മുഴക്കി ഫോട്ടോയ്ക്ക്‌ പോസ്ചെയ്തു.

കാരശ്ശേരി പഞ്ചായത്തിലെ ഐക്യജനാധിപത്യമുന്നണിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും പ്രവർത്തകരാണ് ജനാധിപത്യമെന്നത് തിരഞ്ഞെടുപ്പ് മാത്രമല്ല അതൊരു സംസ്കാരവും ജീവിതരീതിയും കൂടിയാണ് എന്ന മാതൃക കാട്ടിയത്.പ്രചാരണം ആരംഭിച്ചതുമുതൽ ഇരുവിഭാഗം പ്രവർത്തകരും എതിരാളികളെ എങ്ങനെയും തോൽപ്പിക്കാനുള്ള ലക്ഷ്യവുമായി അതിശക്തമായ പോരാട്ടത്തിലായിരുന്നു.

വ്യാഴാഴ്ച രാവിലെമുതൽ വോട്ടർമാരെ എത്തിച്ച് പരമാവധി വോട്ടുകൾ നേടാനുള്ള പ്രവർത്തനങ്ങളിലും വാശിയേറിയ പ്രവർത്തനമായിരുന്നു. എന്നാൽ, ആറുമണിയോടെ വോട്ടെടുപ്പ് കഴിഞ്ഞതോടെ പോരാട്ടം സൗഹൃദത്തിനു വഴിമാറി. പരസ്പരം കൈകൊടുത്തും കുശലംപറഞ്ഞ് ചിരിയും തമാശയുമായി മുന്നണിഭേദം മാറ്റവെച്ച് അവർ ഒന്നായി. നാട്ടുകാർക്ക് ഐക്യസന്ദേശം അറിയിക്കുന്നതിനായി എല്ലാവരുംചേർന്ന് ഫോട്ടോയ്ക്കും പോസ്ചെയ്ത് സോഷ്യൽ മീഡിയയി ലും പോസ്റ്റ്ചെയ്തു. കുമാരനല്ലൂരിന്റെ ഈ നല്ല മാതൃകയ്ക്ക് സോഷ്യൽ മീഡിയയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

Related Articles

Leave a Reply

Back to top button