Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ എസ്.ഐ അടക്കം 5 പേർക്ക് കോവിഡ്

തിരുവമ്പാടി: പോലീസ് സ്റ്റേഷനിലെ എസ്.ഐക്കും, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9 വാർഡിലെ മൂന്നുപേർക്കും, 13 വാർഡിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു, എന്നാൽ കോഴിക്കോട് ജില്ലാ കളക്ടർ ഇന്ന് പുറപ്പെടുവിച്ച കോവിഡ് കണക്കിൽ തിരുവമ്പാടിയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തതായി പറയുന്നത്. ബാക്കിയുള്ള മൂന്നു കേസുകൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ലിസ്റ്റിൽ പെടാത്തവരാണെന്നും അധികൃതർ അറിയിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവമ്പാടി പഞ്ചായത്തിലെ 13 വാർഡ് കൂടി കണ്ടെയ്മെന്റ് സേണായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ തിരുവമ്പാടി ഗ്രാമപഞ്ചായതിലെ 8, 9 വാർഡുകൾ കണ്ടെയ്മെന്റ് സേണായി പ്രഖ്യാപിച്ചിരുന്നു.

പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സി.ഐ അടക്കമുള്ള ഇരുപത്തിയേഴോളം പൊലീസുകാർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് പത്തിന് നടന്ന ടെസ്റ്റിൽ പോസിറ്റീവായ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചത് തിരുവമ്പാടിയിൽ നിന്നല്ലെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് താമരശ്ശേരി സർക്കിളിലെ പത്തോളം ഉദ്യോഗസ്ഥരെ നിയമിച്ചു എന്നും അധികൃതർ പറഞ്ഞു.

തിരുവമ്പാടി ടൗൺ കണ്ടെയിൻമെന്റ് സോണായ സാഹചര്യത്തിൽ ഹോട്ടലുകൾ പ്രവർത്തിക്കാത്തത് പുറത്തു നിന്നു വന്ന് താമസിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഹോട്ടലുകളുടെ പ്രവർത്തനം രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ആക്കാനും, പാർസൽ സംവിധാനം മാത്രമേ നൽകാൻ പാടുള്ളൂ എന്നും നിർദേശം നൽകിയതായി തിരുവമ്പാടി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button