കാരശ്ശേരിയിൽ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ഇടതുപക്ഷ അംഗങ്ങളുടെ പ്രതിഷേധം

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ മെമ്പർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊളോറ കുടിവെള്ള പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാത്തിന് പഞ്ചായത്തിനെ താക്കീത് ചെയ്ത ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നടപടിയുടെ സാഹചര്യത്തിലാണ് പ്രസിഡന്റ് രാജിവെക്കണമെന്ന സമരക്കാരുടെ ആവശ്യം.
സി.പി.എം ഏരിയാ സെക്രട്ടറി വി.കെ. വിനോദ് കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ ഷാജികുമാർ, എൽ.ജെ.ഡി ഭാരവാഹി സുബൈർ അത്തൂളി, മാന്ത്ര വിനോദ്, കെ.പി വിനു, ഹബീബ് കൈതമണ്ണ തുടങ്ങിയവർ സംസാരിച്ചു. കെ.പി ഷാജി, കെ ശിവദാസൻ, എം.ആർ സുകുമാരൻ, ഇ.പി അജിത്ത്, കെ.കെ നൗഷാദ്, ജിജിതാ സുരേഷ്, ശ്രുതി കമ്പളത്ത്, സജി സിബി എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്.
അതേസമയം സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പ്രതികരിച്ചു. കൊളോറക്കുന്നിൽ കുടിവെള്ള പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പരിഹരിക്കുന്നതിനുവേണ്ടി പ്രദേശത്ത് ഗുണഭോക്താക്കളുടെ യോഗം വിളിക്കുകയും കേടായ പമ്പ്‌സെറ്റ് നന്നാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതിനുശേഷവും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നപ്പോൾ പഞ്ചായത്ത് വാഹനത്തിൽ വെള്ളം എത്തിച്ചു കൊടുക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.







