മലയോര ഹൈവേ : കൂടരഞ്ഞിയിൽ ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കണം

തിരുവമ്പാടി : മലയോര ഹൈവേ കൂടരഞ്ഞി അങ്ങാടിയുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നതിനാൽ വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിച്ച് ലൈൻ വലിക്കുന്നതിന് പകരം ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം. എൽ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ ആണ് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം സമർപ്പിച്ചത്. കൂടരഞ്ഞി അങ്ങാടിയിലെ കരിങ്കുറ്റി ജങ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് ജങ്ഷൻവരെയുള്ള ഭാഗത്ത് ആറുമീറ്റർ റോഡാണ് 12 മീറ്റർ ഹൈവേയായി വികസിപ്പിക്കുന്നത്.
വീടുകളോട് തൊട്ടുചേർന്ന് വൈദ്യുതലൈൻ വലിക്കുന്നത് അപകടകരമാണ്. നിലവിൽത്തന്നെ കടകളോട് മുട്ടിയ നിലയിലാണ് പല വൈദ്യുതത്തൂണുകളും ഉള്ളത്. മലയോരഹൈവേ കടന്നുപോകുന്ന വഴിയിലാണ് കൂടരഞ്ഞി സഹകരണ ബാങ്ക്, ലിറ്റിൽ ഫ്ളവർ നഴ്‌സറി സ്കൂൾ, കാർമലേറ്റ് കോൺവെന്റ്, സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ, കൂടരഞ്ഞി കാത്തലിക് ചർച്ച് എന്നിവയുള്ളത്.
പോസ്റ്റ് ഓഫീസ്, കൂടരഞ്ഞി ഹൗസിങ് സൊസൈറ്റി, ഹയർസെക്കൻഡറി സ്കൂൾ, ഫാമിലി ഹെൽത്ത് സെന്റർ എന്നീ റൂട്ടുകളിൽ കരിങ്കൽ പാറയുടെ സാന്നിധ്യമുള്ളതിനാൽ തൂൺ ഉറപ്പിക്കൽ പ്രയാസകരമായിരിക്കും. ഒന്നരകിലോമീറ്റർ ദൈർഘ്യത്തിൽ തൂണുകൾ മാറ്റിസ്ഥാപിച്ച് ലൈൻ വലിക്കുന്നതിന് പകരം ഫൈബർ ഒപ്ടിക് കേബിൾ സ്ഥാപിക്കുന്നതിന് നടപടി വേണമെന്നാണ് നിവേദനത്തിലെ ആവശ്യം.







