കോഴിയിറച്ചി വില ചിറകടിച്ചുയരുന്നു; നഗരത്തിൽ ഇന്നലെ വില 240 രൂപ

കോഴിക്കോട് : ബക്രീദിനു മുൻപായി ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്കു 120 രൂപയാണു വർധിച്ചത്. 240 രൂപയാണു കോഴിക്കോട് നഗരത്തിൽ ഇന്നലെ കോഴിയിറച്ചി വില. ഇതോടെ ഹോട്ടലുടമകളും ചെറുകിട കച്ചവടക്കാരും കേറ്ററിങ് മേഖലയും പ്രതിസന്ധിയിലായി. ലോക്ഡൗണിൽ നടുവൊടിഞ്ഞ ഈ മേഖലയ്ക്ക് കോഴിയിറച്ചിയുടെ വിഭവങ്ങളുടെ ഉൽപാദനച്ചെലവു കൂടി വർധിച്ചത് ഇരുട്ടടിയായി.
കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ഫാമുകൾ ഉൽപാദനം കുറച്ചതാണു വില കൂടാൻ കാരണം. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഇതുസംബന്ധിച്ച് ഇന്നലെ കലക്ടറുമായി ചർച്ച നടത്തി. ജില്ലയിൽ കോഴിയിറച്ചി വില നിയന്ത്രിക്കണമെന്നും ഏകീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ആവശ്യമായ നടപടി എടുക്കുമെന്നു കലക്ടർ ഉറപ്പുനൽകി.X
ജില്ലാ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സെക്രട്ടറി യു.എസ്.സന്തോഷ് കുമാർ, മുർഷിദ് അഹമ്മദ്, നിഷാൽ തുടങ്ങിയവരാണു കലക്ടറുമായി ചർച്ച നടത്തിയത്. വില വർധനയ്ക്കു പിന്നിൽ ഇതരസംസ്ഥാന ലോബിയുടെ പ്രവർത്തനമുണ്ടെന്നും വ്യാപാരികൾ ആരോപിക്കുന്നു. ചിലയിടത്തു പൂഴ്ത്തിവയ്പ് നടത്തുന്നതായും പരാതിയുണ്ട്.







